കോട്ടയം: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന തിരുനക്കര മൈതാനത്ത് കനംകുറഞ്ഞ ടൈലുകൾ സ്ഥാപിക്കുന്നതായി പരാതി. മുന്‍പു ഇതേ രീതിയിൽ കനം കുറഞ്ഞ ടൈലുകളായിരുന്നു സ്ഥാപിച്ചിരുന്നത്. കനം കുറഞ്ഞവയായതിനാൽ വളരെ പെട്ടെന്നു ഇവ നശിച്ചു പോകാൻ ഇടയാകും. വാഹനങ്ങൾ കയറി സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ കനം കുറഞ്ഞ ടൈലുകൾ സ്ഥാപിക്കുന്നതു പെട്ടെന്നു പൊട്ടിപ്പോകുന്നതിനു കാരണമാകും.
മൈതാനത്തിനുള്ളിലെ ഇരിപ്പിടങ്ങൾക്കായി ഉപയോഗിക്കുന്ന മാർബിൾ സ്ലാബുകളും കനം കുറഞ്ഞവയാണ്. അതിനാൽ കുറച്ചു നാളുകൾക്കുള്ളിൽ ഇവ പൊട്ടി നശിച്ചു പോകുമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. അതേസമയം കനംകൂടിയ ടൈലുകളും മാർബിൾ സ്ലാബുകളും ഉപയോഗിച്ചാൽ അവ ദീർഘകാലം നിലനില്‍ക്കുമെന്നും പറയുന്നു.
ഇതിനു പുറമെ മൈതാനത്തിനുള്ളിലുള്ള ശുചിമുറികൾ ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല. മൈതാനത്തിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന കന്പിവേലികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതോടെ ഇവിടങ്ങളിൽ വീണ്ടും കന്പിവേലി സ്ഥാപിച്ചുവെങ്കിലും ഇവ വീണ്ടും സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്ന സ്ഥിതിയാണ്.
നാളുകൾക്കു മുന്‍പു ആരംഭിച്ച തിരുനക്കര മൈതാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ഓണത്തിനു മുന്‍പായി മൈതാനം മോടിപിടിപ്പിച്ചു തുറന്നു നല്‍കുമെന്നാണു പറഞ്ഞിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
തിരുനക്കര മൈതാനത്തെ പാർക്കിംഗ് ഇല്ലാതായതോടെ നഗരത്തിലെത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. മൈതാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പാർക്കിംഗ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.