കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായെത്തുന്ന തിരുനക്കര ഉത്സവത്തിൽ ജനം ഒഴുകിയെത്തുന്നു. 23-നാണ് പകൽപ്പൂരം.
ആനപ്രേമികൾക്ക് ഹരവും ആവേശവും പകരുന്ന 22 ഗജവീരൻമാരാണ് തിരുനക്കര പൂരത്തിന് അണിനിരക്കുന്നത്. തിരുനക്കര ശിവൻ, ഭാരത് വിനോദ്, പാന്പാടി സുന്ദരൻ, ഗുരുവായൂർ സിദ്ധാർഥൻ, ചൈത്രം അച്ചു, മീനാട് വനായകൻ, വരടിയം ജയറാം, വേന്പനാട് അർജുനൻ, തോട്ടയ്ക്കാട് കണ്ണൻ, കീഴൂട്ട് ശ്രീകണ്ഠൻ, കുന്നുംമേൽ പരശുരാമൻ, ചിറയ്ക്കൽ കാളിദാസൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കിരണ് നാരായണൻകുട്ടി, കുന്നത്തൂർ രാമു, കാഞ്ഞിരക്കട് ശേഖരൻ, തെച്ചിക്കോട്ട് കാവ് ദേവീദാസൻ, ഉണ്ണിമങ്ങാട്, ഗണപതി, ചിറയ്ക്കാട്ട് അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, വേന്പനാട് വാസുദേവൻ, ഉഷശ്രീ ദുർഗാ പ്രസാദ് എന്നിങ്ങനെ 22 ഗജവീരൻമാരാണ് തിരുനക്കര പൂരത്തിന് അണിനിരക്കുന്നത്. 23ന് വൈകുന്നേരം നാലു മുതലാണ് പൂരം.
കൊട്ടിക്കയറാൻ ജയറാമെത്തും
പകൽപൂരദിവസം കൊട്ടിക്കയറാൻ ചലച്ചിത്രതാരം ജയറാമെത്തും. ജയറാമും 111 കലാകാരൻമാരും പങ്കെടുക്കുന്ന സ്പെഷൽ പഞ്ചാരിമേളത്തിന് പ്രത്യേകം ക്രമീകരണങ്ങളാണ് ക്ഷേത്രം ഉപദേശക സമിതി ഒരുക്കിയിരിക്കുന്തന്.
മേള പ്രേമികൾക്കു സുഗമമായി കാണാനാകും വിധം രണ്ടു നിരകളിലായി തട്ട് ഇട്ടാണ് മേളം. തട്ടിലായിരിക്കും കലാകാരൻമാർ നിൽക്കുന്നത്.
ക്ഷേത്രവളപ്പിൽ നിന്ന് എവിടെ നിന്നും നോക്കിയാലും മേളം കാണാവുന്ന വിധത്തിലാണ് തട്ട് സജ്ഞീകരിച്ചിരിക്കുന്നത്.
ഗാനമേളകളും വിനോദ, വ്യാപാര മേളകളും; ആഘോഷമാക്കി ജനങ്ങൾ
കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ ഗാനമേളകൾ ആസ്വദിക്കാൻ വൻ തിരക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആലപ്പുഴ ബ്ലൂ ഡയമണ്ട്സ്, തൃശൂർ കലാ സദൻ ഗാനമേളകൾക്ക് മൈതാനം നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് എത്തിയത്.
പാട്ടിനൊപ്പിച്ച് തുള്ളിച്ചാടാൻ ആരെയും അനുവദിക്കില്ലെന്ന് പോലീസ് നേരത്തേ അറിയിച്ചിരുന്നെങ്കിലും യുവാക്കൾ തുള്ളിച്ചാടിയതോടെ നിയന്ത്രിക്കാൻ പോലീസിനും കഴിഞ്ഞില്ല.
വലിയ ആഘോഷത്തോടും ആവേശത്തിമിർപ്പിലുമായിരുന്നു യുവാക്കളുടെ കൂട്ടം ഗാനമേള ആസ്വദിച്ചത്.തിരുനക്കര ഉത്സവപ്പറന്പിലെ തിരക്കിനൊപ്പം വിനോദ വ്യാപാര മേള നടക്കുന്ന പോലീസ് സ്റ്റേഷൻ മൈതാനിയിലും തിരുനക്കര മൈതാനിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തിരുനക്കര മൈതാനം, പഴയ പോലീസ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ സജ്ജമാക്കിയിരിക്കുന്ന വിനോദ പരിപാടികൾ കാണുന്നതിനും ആസ്വദിക്കുന്നതിനും എത്തുന്നവരുടെ തിരക്കാണ് നഗരത്തിൽ.
ആഴ്ചവസാനം ആയതും തിരക്കിന് ആക്കം കൂട്ടി. കൈക്കുഞ്ഞുങ്ങളെയടക്കമാണ് തിരുനക്കര ഉത്സവത്തിനായി കുടുംബങ്ങൾ എത്തിയത്.
അലങ്കാര ലൈറ്റുകളും സംഗീതവും ഉത്സവത്തിരക്കിനും മാറ്റുകൂട്ടി. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മരണക്കിണറിലെ മോട്ടോർ ബൈക്കുകളുടെയും ഫോർ വീലറുകളുടെയും പ്രകടനങ്ങൾ കാണികളെ ആകർഷിക്കുന്നു. ആഘോഷമാക്കുകയാണ് ജനങ്ങളും.