കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രോത്സവം 15ന് കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. 20നാണ് പ്രസിദ്ധമായ പകൽപ്പൂരം. 22നു വലിയവിളക്ക്. 23നു പള്ളിവേട്ട. എട്ടു ദിവസം ഉത്സവബലി. 15നു രാത്രി ഏഴിനു തന്ത്രി താഴ്മണ്മഠം കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. എട്ടിനു നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അധ്യക്ഷത വഹിക്കും. പൂയം തിരുനാൾ ഗൗരി പാർവതി ഭായി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്കുമാർ, ദേവസ്വം ബോർഡ് മെന്പർ കെ.പി. ശങ്കരദാസ്, നഗരസഭാ അധ്യക്ഷ ഡോ. പി.ആർ. സോന, വി.എൻ. വാസവൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് 9.30നു ഗാനമേള.
16നു രാത്രി 9.30നു കഥകളി, നളചരിതം, ഒന്നാം ദിവസം-കലാമണ്ഡലം ഗോപി നളനായി വേഷമിടും. 17നു വൈകുന്നേരം അഞ്ചിനു തായന്പക, ഭക്തിഗാനമേള, സംഗീതസദസ്, പത്തിനു കഥകളി-ബകവധം. 18നു വൈകുന്നേരം അഞ്ചിനു തായന്പക, തുടർന്നു കോലാട്ടം, ചെന്നൈ വീരമണി രാജുവിന്റെ ഭക്തിഗാനമേള, 10നു കഥകളി-ലവണാസുരവദം. 19നു രാവിലെ 10.30നു ആനയൂട്ട്, വൈകുന്നേരം നാലിനു ഇരട്ട തായന്പക, ആറിനു കാഴ്ചശ്രീബലി, രാത്രി ഒന്പതിനു ഗാനമേള.
20നു ഉച്ചകഴിഞ്ഞു മൂന്നിനു പകൽ പൂരം ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു ഭദ്രദീപം തെളിക്കും. തുടർന്നു ചൊവ്വല്ലൂർ മോഹനൻ നായർ, ഗുരുവായൂർ കമൽനാഥ്, കലാമണ്ഡലം പുരുഷോത്തമൻ എന്നിവരുടെ പ്രാമാണിത്വത്തിൽ മേജർസെറ്റ് പാണ്ടിമേളം. 22 ആനകൾ പൂരത്തിൽ പങ്കെടുക്കും. തുടർന്നു കുടമാറ്റം. രാത്രി ഒന്പതിനു സംഗീത സദസ്, പത്തിനു ഗാനമേള എന്നിവ നട്ക്കും.
21നു വൈകുന്നേരം അഞ്ചിനു വയലിൻ ഫ്യൂഷൻ, ആറിനു കാഴ്ചശ്രീബലി, രാത്രി ഒന്പതിനു ഗാനമേള. 22നു വലിയ വിളക്ക് നടക്കും. വൈകുന്നേരം അഞ്ചിനു നൃത്തനൃത്ത്യങ്ങൾ, ആറിനു കാഴ്ചശ്രീബലി, തുടർന്നു ദേശവിളക്ക്, 10.30നു ഡാൻസ്, 11 വലിയ വിളക്ക് എന്നിവ നടക്കും.
23നു വൈകുന്നേരം 53.0നു തിരുവാതിരകളി, 5.30നു കാഴ്ചശ്രീബലി, രാത്രി 8.30നു പി. ജയചന്ദ്രന്റെ ഗാനമേള, ഒന്നിനു പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ടു ദിവസമായ 24നു രാവിലെ ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പ്, 11നു ആറാട്ട് സദ്യ, രാത്രി ഏഴിനു സമാപനസമ്മേളനം കളക്ടർ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. കാഭാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 8.30നു സംഗീതകച്ചേരി, പുലർച്ചെ രണ്ടിന് ആറാട്ട് എതിരേൽപ്പ്, അഞ്ചിനു കൊടിയിറക്ക് എന്നിവ നടക്കും.