കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ഇനിയുള്ള 10 ദിവസങ്ങൾ തിരുനക്കരയ്ക്ക് ഉത്സവരാവുകൾ. നാളെ പുലർച്ചെ നാലിന് നിർമാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കും. രാത്രി ഏഴിന് താഴ്മണ്‍മഠം കണ്ഠരര് മോഹനര് ഉത്സവത്തിനു കൊടിയേറ്റും.
എട്ടിനു പൊതുസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ അധ്യക്ഷത വഹിക്കും. പത്മശ്രീ കെ.ജി. ജയനെ യോഗത്തിൽ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ, വി.എൻ. വാസവൻ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് രാത്രി ഒന്‍പതിന് നൃത്ത ശില്പവും രാത്രി 10ന് ഗാനമേളയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഏഴിന് ശ്രീബലി എഴുന്നള്ളിപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദർശനവും ഉണ്ടായിരിക്കും. 16നു കഥകളി മഹോത്സവത്തിനു തുടക്കമാകും. 16നു രാത്രി 9.30ന് നളചരിതം നാലാം ദിവസവും ബാലി വധവും 17ന് കർണശപഥവും കിരാതവും 18ന് കുചേലവൃത്തവും ദുര്യോധനവധവും കഥകളികൾ അരങ്ങിലെത്തും.