കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 14നു കൊടിയേറി 23നു സമാപിക്കും. 20നാണു പൂരം. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിൽ സംഗമിക്കും.
ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി 11 ആനകൾ വീതം 22 ഗജവീരന്മാർ പൂരത്തിന് അണിനിരക്കും. തൃശൂർ പൂരം ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരൻ കിഴക്കൂട്ട് അനിയൻ മാരാരുടെയും സംഘത്തിന്റെയും മേളപെരുക്കങ്ങൾ പൂരത്തിനു വിസ്മയമാകും.
പാറമേക്കാവ് ദേവസ്വം വാർണാഭമായ ആനച്ചമയമൊരുക്കും. ചൂടുകൂടിയതിനാൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുനക്കര ശിവൻ, തൃക്കടവൂർ ശിവരാജു, ഈരാറ്റുപേട്ട അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി സാധു, മീനാട് വിനായകൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, തോട്ടയ്ക്കാട്ട് കണ്ണൻ, ചുരൂർമഠം രാജശേഖരൻ, വേണാട്ടുമഠം ശ്രീകുമാർ, ഉണ്ണിപ്പള്ളി ഗണേശൻ, കുളമാക്കിൽ പാർഥസാരഥി, പനയനാർകാവ് കാളിദാസൻ, തടത്താവിള രാജശേഖരൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, വേമ്പനാട്ട് വാസുദേവൻ, മാറാടി അയ്യപ്പൻ, ഉണ്ണിമങ്ങാട് ഗണപതി, കുളമാക്കിൽ രാജ, മീനാട് കേശി, കല്ലുതാഴ ശിവസുന്ദർ എന്നിവരാണു തിരുനക്കര പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാർ.