കോട്ടയം: പ്രസിദ്ധമായ തിരുനക്കര പകൽപൂരം നാളെ. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പൂരം നാളെ നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
തന്ത്രിമുഖ്യൻ താഴ്മണ്‍ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിയിക്കും. തൃക്കവൂർ ശിവരാജു, ഭാരത് വിനോദ്, പാന്പാടി സുന്ദരൻ, പല്ലാട്ട് ബ്രഹ്മദത്തൻ, ചൈത്രം അച്ചു, നായരന്പലം രാജശേഖരൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, പാറന്നൂർ നന്ദൻ, ശങ്കരകുളങ്ങര മണികണ്ഠൻ, ഗുരുവായൂർ സിദ്ധാർഥൻ, വേന്പനാട് അർജുനൻ, പട്ടാന്പി മണികണ്ഠൻ, ഗുരുവായൂർ വലിയ വിഷ്ണു, വരടിയം ജയറാം, കുളമാക്കീൽ ഗണേശൻ, ഉണ്ണിപ്പള്ളി ഗണേശൻ, വലിയവീട്ടിൽ ഗണപതി, ഉഷശ്രീ ദുർഗാ പ്രസാദ്, ഭാരത് വിശ്വനാഥ്, വെളിനെല്ലൂർ മണികണ്ഠൻ, തോട്ടയ്ക്കാട് കണ്ണൻ, പന്മന ശരവണൻ തുടങ്ങി 22 ഗജവീരൻമാർ പൂരത്തിന് അണിനിരക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ എൻ.വാസു മുഖ്യാതിഥി ആയിരിക്കും. മേള പ്രമാണിമാരായ ചൊവ്വല്ലൂർ മോഹനൻ നായർ, ഗുരുവായൂർ കമൽനാഥ്, കലാമണ്ഡലം പുരുഷോത്തമൻ തുടങ്ങി 75ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷൽ മേജർസെറ്റ് പാണ്ടിമേളവും തൃശൂർ പാറമേക്കാവ്, തിരുവാന്പാടി ദേവസ്വങ്ങളുടെ കുടമാറ്റവും പൂരത്തിനോടനുബന്ധിച്ച് നടക്കും. രാത്രി എട്ടിന് നാമഘോഷ ലഹരിയും തുടർന്ന് സംഗീത സദസും അരങ്ങേറും. രാത്രി 10ന് ഗാനമേളയും ഉണ്ടായിരിക്കും.