കോട്ടയം: തിരുനക്കര പൂരത്തിനായി അക്ഷരനഗരി ഒരുങ്ങി. ആന പ്രേമികള്‍ക്കു ഹരം പകര്‍ന്ന് 22 ഗജവീരന്മാര് അണിനിരക്കുന്ന പൂരത്തിന് അകന്പടിയായി പത്മശ്രീ പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷല്‍ പഞ്ചാരിമേളവുമുണ്ട്. വൈകിട്ട് നാലോടെ ആരംഭിക്കുന്ന പുരം രാത്രി ഏഴിന് കുടമാറ്റത്തോടെയാണു സമാപിക്കുന്നത്.
ഏഴാം ഉത്സവ ദിനമായ നാളെ വൈകിട്ട് നടക്കുന്ന പൂരത്തിനു വിളംബരമായി ഉച്ചയ്ക്കു മുന്‍പ് നഗര പ്രദേശത്തെ 10 ക്ഷേത്രങ്ങളില്‍നിന്നു ചെറുപൂരങ്ങള്‍ തിരുനക്കരയിലെത്തും.
പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാര്‍ത്തിയ ആനയുടെ പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങള്‍ എത്തുന്നത്.
ചെറു പൂരങ്ങള്‍ നഗരത്തിലെത്തിയാല്‍ ടെന്പിള് റോഡു വഴി തെക്കേ ഗോപുര കവാടം കടന്ന് പ്രദക്ഷിണമായി തിരുനക്കര തേവരുടെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും.
തിരുനക്കരയെ ദീപപ്രഭയാല്‍ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന ആറാട്ട് 24നുമാണ്.
പൂരത്തിന് ഒരു ദിവസം മാത്രം ശേഷിക്കവേ തിരുനക്കരയില്‍ ഭക്തരുടെ തിരക്കേറി. കാഴ്ചശ്രീബലിക്കും ശ്രീബലി എഴുന്നള്ളിപ്പിനും ദീപാരാധനയ്ക്കുമായി നൂറുകണക്കിനു ഭക്തരാണ് എത്തുന്നത്.
കലാവേദയിയില് രാവിലെ മുതല്‍ നടക്കുന്ന കലാപരിപാടികള്‍ക്കും രാത്രിയിലെ ഗാനമേളയ്ക്കും വലിയ ജനാവലിയുണ്ട്.
അണിനിരക്കുന്ന ഗജവീരന്മാര്
തിരുനക്കര ശിവന്, പാമ്പാടി രാജന്, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പന്, ഉഷശ്രീ ശങ്കരന്‍കുട്ടി, പാലാ കൂട്ടിശങ്കരന്‍, പാമ്പാടി സുന്ദരന്‍, ഗുരുവായുര്‍ ഗോകുല്‍, ചൈത്രം അച്ചു, ഇത്തിത്താനം വിഷ്ണുനാരായണന്‍, മീനാട് വിനായകന്, മുട്ടത്ത് രാജേന്ദ്രന്, പരിമണം വിഷ്ണു, വേമ്പനാട് അര്ജുനന്, ചിറക്കാട്ട് അയ്യപ്പന്, തേട്ടയ്ക്കാട് കണ്ണന്, ഭാരത് വിശ്വനാഥന്, പഞ്ചമത്തില്‍ ദ്രോണ, ഉണ്ണി മങ്ങാട് ഗണപതി, ആകവിള വിഷ്ണുനാരായണന്‍, ചുരൂരു മഠം രാജശേഖരന്, കുന്നിന്മേല് പരശുരാമന് തുടങ്ങിയ ലക്ഷണമൊത്ത 22 ഗജവീരന്മാരാണ് പടിഞ്ഞാറന്‍, കിഴക്കന്‍ ചേരുവാരങ്ങളില് അണിനിരക്കുന്നത്.