കോട്ടയം: നാളെ നടക്കുന്ന തിരുനക്കരപ്പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തിരുനക്കര പൂരം നാളെ വൈകുന്നേരം നാലിന് നടക്കും. തൃശൂർ പൂരത്തിന്റേതു പോലെ ആചാര വിശേഷങ്ങളോടെയാണു തിരുനക്കര പൂരവും.
മധ്യതിരുവിതാംകൂർ ഒന്നടങ്കം പങ്കെടുക്കുന്ന തിരുനക്കര പൂരം തുടങ്ങിയിട്ട് ഇത്തവണ 13 വർഷം പൂർത്തിയാകുകയാണ്. രാവിലെ മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ചെറുപൂരങ്ങൾ എത്തി തുടങ്ങും. കാരാപ്പുഴ അന്പലക്കടവ് ദേവിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണ ക്ഷേത്രം, കോടിമത പള്ളിപ്പുറത്ത് കാവ്, മുട്ടന്പലം കൊപ്രത്ത് ദുർഗ ദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗന്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർ കുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണു ചെറുപൂരങ്ങളെത്തുന്നത്.
ചെറുപൂരങ്ങളെത്തി കഴിഞ്ഞാൽ പൂരം സമാരംഭമായി തന്ത്രിമുഖ്യൻ താഴ്മണ്മഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനനര് ഭദ്രദീപം തെളിയിക്കും. ചെറുശേരി കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പാണ്ടിമേളം അരങ്ങേറും.
തിരുനക്കര നക്കരക്കുന്ന് ആനപ്രേമി സംഘമാണ് ആനയേയും ആനച്ചമയവും സജ്ഞീകരിച്ചിരിക്കുന്നത്. വൈകുന്നേരം ആറിന് പൂരസമർപ്പണം. പൂരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പൂരത്തിന് എഴുന്നള്ളിക്കുന്ന ഗജവീരൻമാർ
പാന്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, ശങ്കരംകുളങ്ങര മണികണ്്ഠൻ, നായരന്പലം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം സിദ്ധാർഥൻ, തിരുവേഗപുറ പത്മനാഭൻ, ചൈത്രം അച്ചു, തെച്ചിക്കോട്ട്കാവ് ദേവീദാസൻ, തോട്ടുചാലിൽ ബോലോ നാഥ്, കുളമാക്കിൽ ഗണേശൻ, വെളിന്നല്ലൂർ മണികണ്ഠൻ, കുന്നുമ്മേൽ പരശുരാമൻ, വലിയവീട്ടിൽ ഗണപതി, ചെറായി ശ്രീ പരമേശ്വരൻ, പുത്തൻകുളം കേശവൻ, ഉഷശ്രീ ദുർഗാ പ്രസാദ്, തോട്ടയ്ക്കാട് കണ്ണൻ,ഭാരത് വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം കൃഷ്ണനാരായണൻ, മഞ്ഞക്കടന്പിൽ വിനോദ്, പനയ്ക്കൽ നന്ദൻ എന്നീ ആനകളെയാണു പുരത്തിന് എഴുന്നളളിക്കുന്നത്.
ഇന്ന് ദേശവിളക്ക്
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ദേശവിളക്ക് ഇന്ന് നടക്കും. വൈകുന്നേരം ആറിന് ദീപരാധനയ്ക്കു ശേഷമാണ് ദേശവിളക്ക് പടിഞ്ഞാറേ നട ഭക്തജനസമിതി ചൈതന്യറെസിഡന്റ് അസോസിയേഷൻ, തിരുനക്കരക്കുന്ന റെസിഡന്റ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ദേശവിളക്ക്. രാത്രി 11നമുതൽ ദർശന പ്രാധാന്യമുള്ള വലിയവിളക്കും നടക്കും.