കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പകൽ പൊളിക്കുന്നതിനെതിരേ പ്രതിഷേധം ശക്തം. കരാർ വ്യവസ്ഥകൾ പൂർണമായും ലംഘിച്ചാണു കെട്ടിടം പൊളിക്കൽ നടക്കുന്നത്. നഗരസഭ ബലക്ഷയം എന്നുപറഞ്ഞു പൊളിച്ചുനീക്കുന്ന ബസ്സ്റ്റാൻഡ് കോംപ്ലക്സിലെ എ ബ്ലോക്കിലെ കൽപക ബിൽഡിംഗിന്റെ ഒന്നാം നിലയിൽ ജെസിബി കയറ്റിയാണ് പകൽ സമയം പൊളിക്കൽ നടക്കുന്നത്.
എംസി റോഡിലൂടെ നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്പോഴാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു നെറ്റ് വലിച്ചുകെട്ടി പൊളിക്കൽ തകൃതിയായി നടക്കുന്നത്. നഗരസഭയും കന്പനിയുമായുള്ള കരാർ രാത്രിയിൽ മാത്രമേ പൊളിക്കാൻ പാടുള്ളൂവെന്നാണ്. എന്നാൽ ആദ്യത്തെ ഒരു ദിവസം ഒഴികെ ബാക്കിയെല്ലാ ദിവസവും മാനദണ്ഡം ലംഘിച്ച് പകൽസമയത്താണ് പൊളിക്കുന്നത്. ഇതുമൂലം പിരസരത്താകെ പൊടിപടലമാണ്.
കഴിഞ്ഞ ദിവസം പൊളിക്കലുമായി ബന്ധപ്പെട്ട് തിരുനക്കര ഗാന്ധി സ്ക്വയർ-ക്ഷേത്രം റോഡ് മുന്നറിയിപ്പില്ലാതെ അടച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഭാഗികമായി ഗതാഗതം അനുവദിച്ചു.
വാർഡ് കൗണ്‍സിലറെ പോലും അറിയിക്കാതെയാണ് റോഡ് അടച്ചത്. അതേസമയം കെട്ടിടം പൊളിക്കുന്ന സ്ഥലത്തേക്കു നഗരസഭാധികാരികളോ കൗണ്‍സിലർമാരോ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു മുതൽ കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ആര്യഭവൻ ഹോട്ടലിനോട് ചേർന്നും പോസ്റ്റ് ഓഫീസ് റോഡിൽ പോലീസ് കണ്ട്രോൾ റൂമിനു എതിർവശവും അപകട ഭീതി ഉയർത്തി നിൽക്കുന്ന ഭാഗങ്ങൾ ഉടൻ പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്.
ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ശബരിമല തീർഥാടകരും എത്തി തുടങ്ങും. ഇതോടെ നഗരം കൂടുതൽ കുരുക്കിലാകും.