കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് ആറിനു പൊളിച്ചുതുടങ്ങും. ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ കൊല്ലം കേന്ദ്രീകരിച്ച കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.
കഴിഞ്ഞ ദിവസം ദിവസം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണു കരാര്‍ രൂപീകരിച്ചത്.
സ്ഥലം കരാറുകാരനു കൈമാറി. പൊളിക്കലിനായി കെഎസ്ഇബി താത്കാലിക കണക്ഷന് എടുക്കും. ലേല നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കല്‍പ്പക സൂപ്പര്‍ മാര്‍ക്കറ്റ് തത്കാലം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇതു പിന്നീട് പ്രത്യേകം ലേലം ചെയ്യും. പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്ന് രണ്ടാഴ്ച മുമ്പ് ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡിന്റെ ഉള്‍ഭാഗത്തും ആര്യാസ് റസ്റ്ററന്റിനോടു ചേര്‍ന്നുനിൽക്കുന്ന കെട്ടിടം, തിരുനക്കര ക്ഷേത്രം റോഡിലെ കെട്ടിടം എന്നിവ പകല്‍ പൊളിക്കാമെന്നാണു തീരുമാനം.
കെട്ടിടം പൊളിക്കുന്ന ദിവസം മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. പൊളിക്കലുമായി ബന്ധപ്പെട്ട് നഗരസഭയുടെയും ട്രാഫിക് പോലീസിന്റെയും സാന്നിധ്യത്തില്‍ നേരത്തെ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു