കുമരകം: ചെങ്ങളം മരുതനയിൽ ഇന്നലെ ആന ഇടഞ്ഞതിനു കാരണം സ്വകാര്യ ബസ് എയർ ഹോണ് മുഴക്കിയതാണെന്ന് സമീപവാസികൾ. മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്ന ആനയെ മറികടക്കുന്നതിനിടയിൽ അറുപറ ഭാഗത്തുവച്ച് ബസ് ഹോണ് മുഴക്കിയതോടെയാണ് ആന ഓടാൻ തുടങ്ങിയത്. ഇടഞ്ഞോടിയ തിരുനക്കര ശിവന്റെ പിന്നാലെ രണ്ട് പാപ്പാന്മാരും അവരുടെ പിന്നാലെ ബൈക്കോടിച്ച് മൊബൈലിൽ വീഡിയോ പകർത്താൻ പാഞ്ഞ യുവാക്കളുടെ ശ്രമവും പ്രകോപനത്തിനു കാരണമായി.
ആന മരുതന ജംഗ്ഷനിലെത്തിയപ്പോൾ ചേർത്തലയിൽ നിന്നും നിറയെ യാത്രക്കാരുമായി യാത്രിക് ബസ് എതിരെ വന്നതോടെ ബസിനു നേരേ അക്രമം അഴിച്ചുവിടുകയും ചെയ്തു. പീന്നിടാണ് ആന ഇടവഴിയിലേക്ക് പ്രവേശിച്ചത്. ഇടക്കരിച്ചിറ റോഡിൽ കൂടി ഏതാനും ദൂരം സഞ്ചരിച്ചശേഷം നിലയുറപ്പിച്ച ആന സുരക്ഷിതനായി എന്ന തോന്നലിലാകണം കുടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല.
ആനയുടെ അടുത്തേക്ക് കാഴ്ചക്കാരെ കടത്തി വിടാതെ കുമരകം എസ്ഐ ജി. രജൻ കുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസ് നടത്തിയ ശ്രമവും ആനയെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാൻ കാരണമായി. മൂന്നാം പാപ്പാൻ കഞ്ഞിക്കുഴി സ്വദേശി രാജേഷിന്റെ നേതൃത്വത്തിൽ സമീപത്തെ കിണറ്റിൽ നിന്നുംവെള്ളം ഒഴിച്ച് ആനയെ തണുപ്പിച്ചു കൊണ്ടിരുന്നതും തുണയായി.