കോട്ടയം: തിരുനക്കര പകൽപ്പൂരം ഇന്ന് അരങ്ങേറുന്പോൾ ഇക്കുറിയും ശിവൻ തിടന്പേറ്റില്ല.വർഷങ്ങളായുള്ള ആനപ്രേമികളുടെ ആഗ്രഹം സഫലീകരിക്കാതെ ശിവനെ ആർപ്പൂക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ മദപ്പാടിനെത്തുടർന്ന് തളച്ചിട്ടിരിക്കുകയാണ്. ശിവനെ സ്നേഹിക്കുന്നവർ കാണാനെത്തുന്നുണ്ടെങ്കിലും അകലെനിന്ന് കണ്ടു മടങ്ങുകയാണ്.
മദപ്പാട് മൂലം ചികിത്സയിൽ കഴിയുന്ന തിരുനക്കര ശിവനില്ലാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികൾ. മദപ്പാടിനെ തുടർന്ന് കാലിനുണ്ടായ വൃണവും കരിഞ്ഞിട്ടില്ല.ദേവസ്വത്തിന്റെ സ്വന്തം ആനയ്ക്ക് ഇന്നു നടക്കുന്ന പൂരത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിക്കാതിരുന്നതിനാൽ തേവരുടെ തിടന്പേറ്റാനാകില്ല.
ആർപ്പൂക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്തിലെ മാവിൻചുവട്ടിലാണ് ശിവൻ. നാല് വർഷമായി പൂരസമയത്താണ് ശിവന് മദപ്പാട്. 2007ലാണു പകൽപ്പൂരം ആരംഭിച്ചതെങ്കിലും 2015ലാണ് ആദ്യമായി തിടന്പേറ്റാനായത്. പിന്നീട് പൂരത്തിൽ പങ്കെടുത്തിട്ടില്ല. രണ്ടു മാസത്തിലേറെയായി മദപ്പാടിനു ചികിത്സയിൽ കഴിയുന്ന ശിവന്റെ കാലിലെ വൃണം ഉണങ്ങിയിട്ടില്ല.
ആനയുടെ കൗണ്ട് കൃത്യമാവണം. തുടർന്നു പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ആനയെ എഴുന്നള്ളിക്കാൻ കഴിയൂ. 9.25 അടി ഉയരവും നല്ല കണ്ണുകളും വലിയ ചെവിയുമൊക്കെയായി ലക്ഷണമൊത്ത ആനയായ ശിവന് സ്വന്തമായി ഫാൻസ് അസോസിയേഷൻ വരെയുണ്ട്.
ശിവനെ എഴുന്നള്ളിക്കണമെന്നു പൂരപ്രേമികൾ ആവശ്യപ്പെട്ടെങ്കിലും മദപ്പാടായി. കോടനാട് ആനക്കൂട്ടിൽനിന്നായിരുന്നു വരവ്. 2016ൽ 50 വയസ് പൂർത്തിയായി. കോടനാട്ടെ ആനക്കൂട്ടിൽ തങ്കപ്പനെന്നായിരുന്നു പേരെങ്കിലും തിരുനക്കരയിലെത്തിയതോടെ ശിവനായി.
ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്തെ ആനകളിൽ ആദ്യത്തെ അഞ്ചാമനാണ് ശിവൻ. 1990 ഒക്ടോബർ 17നാണ് ശിവനെ തിരുനക്കരയിൽ നടയ്ക്കിരുത്തുന്നത്.