കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ സുരക്ഷാ ജീവന ക്കാരനെ പൂട്ടിയിട്ടശേഷം അഞ്ചു കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു മോഷണം.
ഇന്നു പുലർച്ചെ 1.15നും 2.30നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യക്തമായ ആസൂത്രണത്തോടെ എത്തിയ മോഷ്്ടാവ് ക്ഷേത്രത്തിന്റെ വടക്കു വശത്തുള്ള മതിൽ ചാടി കയറിയാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ആദ്യം തന്നെ സുരക്ഷാ ജീവനക്കാരന്റെ കാബിൻ പൂട്ടിയിടുകയാണ് ചെയ്തത്.
തുടർന്ന് ആനക്കൊട്ടിലിനു സമീപമുള്ള കാണിക്കവഞ്ചി, തെളിച്ചപ്പന്തലിനു തെക്കും വടക്കുമുള്ള കാണിക്കവഞ്ചികൾ, ശാസ്താനടയ്ക്കു സമീപമുള്ള കാണിക്ക വഞ്ചി എന്നിവയാണ് കുത്തിപ്പൊളിച്ചത്. കാണിക്കവഞ്ചിയിലുണ്ടായിരുന്ന നോട്ടുകൾ മാത്രമാണ് മോഷ്്ടാവ് എടുത്തിരിക്കുന്നത്.
ചില്ലറ തുട്ടുകൾ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചിടത്തു തന്നെ ഉപക്ഷേിക്കുകയും ചെയ്തിട്ടുണ്ട്. കാണിക്കവഞ്ചികൾ സ്ഥാപിച്ചിരിക്കുന്നതിനു സമീപത്തുള്ള രണ്ടു സിസിടിവി കാമറകൾ ദൃശ്യങ്ങൾ ലഭിക്കാതിരിക്കുന്നതു വേണ്ടി നശിപ്പിക്കാൻ ശ്രമിക്കുകയും തലതിരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പുലർച്ചെ 3.45ന് ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്ന കാര്യം ആദ്യമറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. മുഖംമൂടി ധരിച്ചു കൈയിൽ ഗ്ലൗസും ധരിച്ചു കന്പിപ്പാരയുമായിട്ടാണു മോഷ്ടാവ് എത്തുന്നത്.
സുരക്ഷാ ജീവനക്കാരന്റെ കാബിൻ പൂട്ടിയിടുന്നതും തുടർന്നു കന്പിപ്പാര ഉപയോഗിച്ച് അഞ്ചു കാണിക്ക വഞ്ചികൾ കുത്തിപ്പൊളിക്കുന്നതും കാണിക്കവഞ്ചിയിലെ നോട്ടുകൾ എടുത്തശേഷം മോഷ്്ടാവ് തിരികെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
മുഖം മറിച്ചിരിക്കുന്നതിനാൽ മോഷ്്ടാവിന്റെ മുഖം വ്യക്തമല്ല. മോഷണ നടന്ന രീതി പരിശോധിക്കുന്പോൾ സംഭവത്തിനു പിന്നിൽ പ്രഫഷണൽ മോഷ്ടാവാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാണിക്ക വഞ്ചിയിൽ നിന്നും എത്രത്തോളം തുക നഷ്്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചുവരുന്നു. ഫിംഗർ പ്രിന്റ് അധികൃതരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.