കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാത്രിയിൽ നടത്തിയ വിളക്കെഴുന്നള്ളിപ്പിനിടെ ആന പിണങ്ങിയോടിയത് പരിഭ്രാന്തി പരത്തി. അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. ഓടിയ ആനയുടെ പുറത്ത് മുത്തുക്കുട പിടിച്ചിരുന്നയാളെ രണ്ടു മണിക്കൂറിനു ശേഷമാണ് താഴെ ഇറക്കിയത്.
ഭാരത് വിശ്വനാഥ് എന്ന ആനയാണ് പിണങ്ങിയോടിയത്. ഇന്നലെ രാത്രി 9.15 ന് ക്ഷേത്ര മതിൽക്കെട്ടിനുള്ളിലായിരുന്നു സംഭവങ്ങൾ. വിളക്ക് എഴുന്നള്ളിപ്പിനിടെ മുന്നിൽ നടന്നിരുന്ന പത്മന ശരവണൻ എന്ന ആന പിണ്ഡം ഇട്ടു.
ഇത് കണ്ട് ഭാരത് വിശ്വനാഥൻ വിരണ്ട് അൽപ ദൂരം പിന്നോട്ട് നടന്നു. ഇതു കണ്ട് ഭയന്ന ഭക്തരിലൊരാൾ നിലവിളിച്ചു. ഇതോടെ ആന പിണങ്ങിയോടുകയായിരുന്നു. ആനപ്പുറത്ത് മുത്തുക്കുടയുമായി ഇരുന്ന വയോധികനുമായാണ് ആന ഓടിയത്. ഇതോടെ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഭക്തരും പല ഇടങ്ങളിലേക്കും ചിതറിയോടി.
മൂന്നാനയാണ് വിളക്ക് എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നത്. പിണങ്ങിയോടിയ ആന ഒഴികെയുള്ള മറ്റ് രണ്ട് ആനകളെ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റിയ ശേഷം ക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങളം അടച്ചു. പിന്നീട് ഭാരത് വിശ്വനാഥൻ ആന ഉടമയായ സ്മിത വിശ്വനാഥ് എത്തിയാണ് ആനയെ അനുനയിപ്പിച്ചത്.
ആനയെ ക്ഷേത്ര മതിൽക്കെട്ടിൽ തെക്കു ഭാഗത്ത് തളച്ചു. ഇതിനു ശേഷം 11 മണിയോടെയാണ് ആനപ്പുറത്തിരുന്നയാളെ താഴെയിറക്കിയത്. വൈകിയെങ്കിലും വിളക്ക് എഴുന്നള്ളിപ്പ് നടത്തി. സംഭവമറിഞ്ഞ് വെസ്റ്റ് എസ്എച്ച്ഒ നിർമൽബോസ്, എസ്ഐ എം.ജെ.അരുണ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയിരുന്നു.