തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്നലെ നടന്ന പകൽപ്പൂരത്തിൽ തിടന്പേറ്റി വരുന്ന തിരുനക്കര ശിവൻ. -ജോണ് മാത്യു.
കോട്ടയം: വാദ്യമേളങ്ങളൊരുക്കിയ താളവട്ടങ്ങളിൽ പിഴയ്ക്കാതെ താളം പിടിക്കുന്ന ആയിരങ്ങളുടെ മുന്നിലേക്ക് ഗജവീരൻമാർ തീർത്ത പ്രൗഢിയിൽ ഭഗവാന്റെ പൊൻതിടന്പ് എഴുന്നള്ളിയപ്പോൾ മനസു നിറഞ്ഞ് കൈകൂപ്പി തൊഴുതു ഭക്തജനസഞ്ചയം.
മീനസൂര്യന്റെ അസ്തമയകിരണങ്ങൾ സാക്ഷിയാക്കി സർവതും അവർ മറന്നു. പിന്നെ ഒരുമയോടെ തിരുനക്കരയിൽ ആറാടി.മേളക്കൊഴുപ്പിൽ ആൾക്കൂട്ടത്തിന്റെ വായുവിലേറ്റിയ വിരൽചുറ്റുകൾക്ക് മേലേ സന്ധ്യാശോഭയിൽ ആലവട്ടത്തിന്റെ പച്ചപ്പും വെണ്ചാമരത്തിന്റെ വെണ്മയും വിരിഞ്ഞതോടെ മറ്റൊരു പൂരം മനസിൽ നിറച്ചു പുരുഷാരം മടങ്ങി.
ഇനി കാത്തിരിപ്പ് അടുത്ത പൂരത്തിനായി.തിരുനക്കരയുടെ തിലകക്കുറിയായ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുനക്കര തേവരുടെ തിരുവുത്സവത്തിന്റെ ഒന്പതാം ദിനമായ ഇന്നലെയായിരുന്നു തിരുനക്കര പൂരം.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതുമോടിയിൽ പ്രതാപത്തോടെയെത്തിയ പൂരത്തിന് ജനസാഗരമാണ് എത്തിയത്.
തിരുനക്കരയുടെ പ്രദക്ഷിണ വഴികളിലും ക്ഷേത്ര മൈതാനത്തും പുരുഷാരം തീർത്ത വിശ്വാസക്കടലിൽ തിരയായി ഓരോരുത്തരും മാറി.
ഉച്ചയോടെ തിരുനക്കരയുടെ സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ചെറുപൂരങ്ങൾ എത്തി ത്തുടങ്ങി. തുടർന്നു നടന്ന ഉത്സവബലിക്കു ശേഷം പൂരത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.
ഉച്ചവെയിൽ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയതോടെ പുത്തൻ ചമയങ്ങളണിഞ്ഞ് ഗജവീരൻമാർ ഓരോരുത്തരായി കിഴക്കൻ, പടിഞ്ഞാറൻ ചേരുവാരങ്ങളിൽ അണിനിരന്നു.
പടിഞ്ഞാറൻ ചേരുവാരത്തിൽ തിരുനക്കരയപ്പനും ദേവന് അഭിമുഖമായി കിഴക്കൻ ചേരുവാരത്തിൽ ദേവിയും അണിനിരന്നതോടെ പൂരം തുടങ്ങി.
ആൽത്തറയ്ക്കു സമീപം ചലച്ചിത്ര താരം പദ്മശ്രീ ജയറാമിന്റെ തലപ്പൊക്കത്തിൽ 111 കലാകാരൻമാർ മേളപ്പെരുക്കം തീർത്തു.
ആലവട്ടവും വെഞ്ചാമരവും കുടമാറ്റവും കഴിഞ്ഞതോടെ ദീപാരാധനയ്ക്കായി ചുറ്റുവിളക്ക് തെളിഞ്ഞു. ആയിരം ചിരാതുകളിൽ നിന്നുള്ള തിരിവെട്ടം സാക്ഷിയാക്കി പൂരാവേശം മനസിൽ തീർത്ത ആഹ്ളാദവുമായി ജനങ്ങളും മടങ്ങി.
തിരുനക്കര തേവരുടെ നടയിലെ കിഴക്കൻ ചേരുവാരത്തിലും പടിഞ്ഞാറൻ ചേരുവാരത്തിലുമായി 22 ഗജവീരൻമാരാണ് അണിനിരന്നത്.
തിരുനക്കര ശിവൻ ഭഗവാന്റെ തിടന്പേറ്റി കുന്നുമ്മേൽ പരശുരാമൻ, ചിറക്കാട്ട് അയ്യപ്പൻ, വരടിയം ജയറാം, ഗുരുവായൂർ സിദ്ധാർഥൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ചിറക്കൽ കാളിദാസൻ, ഉഷശ്രീ ശങ്കരൻകുട്ടി, നായരന്പലം രാജശേഖരൻ, കുളമാക്കിൽ പാർഥസാരഥി, തോട്ടയ്ക്കാട് കണ്ണൻ, നടക്കൽ ഉണ്ണികൃഷ്ണൻ എന്നിവർ കിഴക്കൻ ചേരുവാരത്തിലും കീഴൂട്ട് ശ്രീകണ്ഠൻ, ഉണ്ണിമങ്ങാട് ഗണപതി, മൗട്ടത്ത് രാജേന്ദ്രൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, പാന്പാടി സുന്ദരൻ, തിരുനക്കര ശിവൻ, ഭാരത് വിനോദ്, ചൈത്രം അച്ചു, മീനാട് വിനായകൻ, ഭാരത് വിശ്വനാഥൻ, വേന്പനാട് വാസുദേവൻ എന്നീ ഗജവീരൻമാർ പടിഞ്ഞാറൻ ചേരുവാരത്തിലുമായി അണിനിരന്നു.
പൂരത്തിനു ശേഷം ചലച്ചിത്ര താരം രമ്യ നന്പീശനും എംജി യൂണിവേഴ്സിറ്റിയിലെ പ്രതിഭകളും ചേർന്ന് അവതരിപ്പിച്ച ദേവനടനത്തിനും പിന്നീടു നടന്ന ഗാനമേളയിലും വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്.
പുലർച്ചെ ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നു. ആറാട്ടു ദിനമായ ഇന്നു രാവിലെ ഏഴിനു ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പു നടക്കും. 11നു ആറാട്ട് സദ്യ, വൈകുന്നേരം ആറിനു അന്പലക്കടവ് ദേവീക്ഷേത്രത്തിൽ നിന്നും തിരു ആറാട്ട് ആരംഭിക്കും.
വിവിധ സ്ഥലങ്ങളിലെ വരവേൽപ്പിനു ശേഷം നാളെ പുലർച്ചെ രണ്ടിനു ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്പ്, തുടർന്നു വെടിക്കെട്ട്, പുലർച്ചെ അഞ്ചിന് കൊടിയിറക്കോടെ ഉത്സവത്തിനു സമാപനമാകും.