കോട്ടയം: തിരുനക്കര പകൽപ്പൂരത്തിനു ഇത്തവണയും തിരുനക്കര ശിവനെത്തില്ല. ശിവനു ഇത്തവണയും മദപ്പാട് ലക്ഷണങ്ങൾ കണ്ടതോടെയാണ് ശിവനെ എഴുന്നള്ളിക്കേണ്ടതില്ലെന്ന് ഉത്സവകമ്മിറ്റി തീരുമാനിച്ചത്. മദപ്പാട് ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു 15നു ആരംഭിക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനാകാതെ ശിവന് മടങ്ങി. ആർപ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തിനു സമീപം ചികിത്സയിലാണിപ്പോൾ. പകരം തൃക്കടവൂർ ദേവസ്വത്തിന്റെ ശിവരാജുവായിരിക്കും മഹാദേവന്റെ തിടന്പേറ്റുക.
തിരുനക്കര ഉത്സവസമയമടുക്കുന്പോൾ മദപ്പാടിലാകുന്നതിനാൽ ശിവന് തിടന്പേറ്റാൻ കഴിയാറില്ല. 2015ൽ മദപ്പാട് ലക്ഷണങ്ങൾ കാട്ടിയെങ്കിലും ആനപ്രേമികളുടെ ആവശ്യത്തെത്തുടർന്നു പകൽപ്പൂരത്തിനു ശിവനെ എഴുന്നള്ളിച്ചിരുന്നു. ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിനു മുന്നിൽ തടിച്ചുകൂടിയ ആനപ്രേമികളുടെ ആവശ്യത്തിനു മുന്നിൽ ദേവസ്വം അധികൃതർക്ക് മറ്റുമാർഗമില്ലാതെ വന്നതോടെയാണ് എഴുന്നള്ളിച്ചത്.