ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അനധികൃതപെട്ടിക്കടകളിൽനിന്നും വിൽപന നടത്തിയിരുന്ന മുളക് ബജിയുൾപ്പെടെയുള്ള പലഹാരങ്ങളിൽ അമിതമായി മായം ചേർത്തിരുന്നതായി കണ്ടെത്തി. ഇന്നലെ രാവിലെ പൊതുമരാമത്ത്എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരത്തെ റോഡ് പുറംന്പോക്കിലെ അനധികൃത തട്ടുകടകളും പെട്ടിക്കടകളും ഡിവൈഎസ്പിശ്രീകുമാറിന്റെയും സിഐ അനൂപ് ജോസിന്റെയും സാന്നിധ്യത്തിൽ പൊളിച്ചു നീക്കിയിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രി കുരിശ് കവലയിൽ പ്രവർത്തിച്ചിരിന്ന ഒരു പെട്ടിക്കടയിൽനിന്നാണ് ഭക്ഷണത്തിൽ മാരകമായ വിഷാംശം ഉണ്ടാകുന്ന ബുഷ് എന്ന പൗഡർ കണ്ടെത്തിയത്. പെട്ടിക്കട ജെസിബി ഉപയോഗിച്ച് നശിപ്പിച്ചപ്പോഴാണു കടയുടെ ഉള്ളിൽനിന്ന് നിരവധി പലഹാരത്തിൽ കളറിനും രുചിക്കും ചേർക്കുന്ന വിഷാംശമുള്ള ഈ പൗഡർ കണ്ടെത്തിയത്.
മെഡിക്കൽ കോളജ് പരിസരത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്ന കടയാണിത്. മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥി ബ വിദ്യാർഥിനികളിൽ പലരും ഇവിടെനിന്നും പലഹാരങ്ങൾ വാങ്ങി കഴിക്കാറുണ്ട്. ജൂണിയർ ഡോക്ടർമാരും ബജിയടക്കമുള്ള ചെറുതരം പലഹാരങ്ങൾ വാങ്ങിക്കഴിച്ചിരിന്നത് ഈ കടയിൽ നിന്നാണ്. വർഷങ്ങളായി ഇതരസംസ്ഥാനക്കാരനായ ഈ പെട്ടിക്കടക്കാരന്റെ ഭക്ഷണശാലയിലെ രുചിയാണ് ജനക്കൂട്ടം ഇവിടെയെത്തി ഭക്ഷണം കഴിച്ചിരിന്നത്.
ഇന്നലെ പെട്ടിക്കട തകർത്തപ്പോഴാണു കടയ്ക്കുള്ളിൽ പലഹാരത്തിനു കളറും രുചിയും ലഭിക്കുന്ന പൗഡറുകൾ ധാരാളമായി കണ്ടെത്തിയത്. കാൻസർ, വൃക്കരോഗം തുടങ്ങിയ മാരകമായ രോഗങ്ങൾക്കു കാരണമാകുന്ന ഇത്തരം ഭക്ഷണങ്ങൾ നിർമ്മിച്ച് നൽകുന്നത് മെഡിക്കൽ കോളജ് പരിസരത്തെ ഇത്തരം പെട്ടിക്കടകളും.
ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിരുത്തരവാദിത്വമാണ് ഇത്തരം മായം ചേർന്ന ഭക്ഷണപലഹാരങ്ങൾ നിർമ്മിച്ച് നൽകുവാൻ കാരണം. രോഗവിമുക്തമാക്കുന്ന ആതുരാലയത്തിന് സമീപത്തുനിന്നു തന്നെ രോഗം ഉണ്ടാക്കുന്ന തരുത്തിലുള്ള ഭക്ഷണ നിർമ്മാണം നടത്തി വില്പന നടത്തുന്നത് അവസാനിപ്പിക്കുവാൻ ആരോഗ്യവകുപ്പ് അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.