കോട്ടയം: മുന്നോട്ടെടുത്ത സ്വകാര്യ ബസിനടിയിൽ പോയ അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപെട്ടു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നു രാവിലെ 9.30നാണ് സംഭവം. കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന വടശേരി ബസിൽ യാത്രക്കാരെ കയറ്റുന്പോഴാണ് സംഭവം.
മറ്റു യാത്രക്കാർ കയറിയതിനു ശേഷമാണ് ഏഴു വയസ് പ്രായമുള്ള മകളും അമ്മയും എത്തിയത്.
മകൾക്കൊപ്പം കയറുന്നതിനിടയിൽ ബസ് മുന്നോട്ടെടുത്തതോടെ ഇരുവരും താഴെവീണ് ബസിനടിയിലേക്കു പോവുകയായിരുന്നു.
സ്റ്റാൻഡിൽ നിന്ന മറ്റ് യാത്രക്കാരും വ്യാപാരികളും നിലവിളിച്ച് പെട്ടെന്ന് ഇരുവരേയും വലിച്ചെടുത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടം വരുത്തിവയ്ക്കുന്നതെന്നു മറ്റു യാത്രക്കാർ പറഞ്ഞു.
സ്റ്റാൻഡിലുണ്ടായിരുന്ന എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ ഉടനെത്തി നടപടിയെടുത്തു.
അമ്മയേയും കുട്ടിയേയും ഓഫീസിലേക്കു കൂട്ടിക്കൊണ്ടു പോയി മൊഴിയെടുത്തു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി ബസ് കസ്റ്റഡിയിലെടുത്തു.
മത്സരയോട്ടത്തിനായി അശ്രദ്ധമായി ബസ് ഓടിക്കുന്ന സംഭവം സ്വകാര്യ ബസ് ജീവനക്കാരെ സംബന്ധിച്ചു സ്ഥിരം പരാതിയാണ്.
കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ബസ് ജീവനക്കാർ തമ്മിൽ സമയം സംബന്ധിച്ചുള്ള തമ്മിൽ തല്ലും അസഭ്യ വർഷവും നടത്തിയിരുന്നു.
അന്നും സംഭവ കണ്ട നാട്ടുകാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി രണ്ടു ബസുകളും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിരുന്നു.
സ്റ്റാൻഡിൽ പോലീസിന്റെ സാന്നിധ്യമില്ലെന്നുള്ള പരാതി വ്യാപകമാണ്.പോലീസ് സ്റ്റാൻഡിലുണ്ടെങ്കിൽ ഒരുപരിധിവരെ പ്രശനങ്ങൾക്കു കുറവുണ്ടാകും.