അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി തയാറാക്കുന്ന ലഡുവിൽ ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിൽ അന്വേഷണം വേഗത്തിൽ പൂർത്തിക്കരിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയം ഗൗരവമായാണ് കാണുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതർ രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത നെയ് ലഡുനിർമാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.