അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനിലെ (ടിടിഡി) 18 അഹിന്ദു ജീവനക്കാർക്കെതിരേ നടപടി. ക്ഷേത്രത്തിലെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ വിലക്കുകയും ക്ഷേത്രവുമായി ബന്ധമില്ലാത്ത ഓഫീസുകളിലേക്കു സ്ഥലംമാറാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രത്തിന്റെ പവിത്രതയും മതപരമായ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനാണു തീരുമാനമെന്ന് ബോർഡ് അറിയിച്ചു.
അഹിന്ദുക്കളായ ജീവനക്കാരെ സർക്കാർ വകുപ്പുകളിലേക്കു മാറ്റുകയോ അല്ലെങ്കിൽ അവർ വോളണ്ടിയർ റിട്ടയർമെന്റ് സർവീസ് (വിആർഎസ്) എടുക്കുകയോവേണമെന്ന് ടിടിഡി ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഏഴായിരത്തോളം വരുന്ന സ്ഥിരം ജീവനക്കാരിലെ 300 പേരെ പുതിയ നയം നേരിട്ടു ബാധിക്കും. 14,000 ത്തോളം കരാർ ജീവനക്കാർക്കും നിർദേശം ബാധകമാണ്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലഡുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഈ നീക്കത്തിന്റെ കാരണം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡു നിർമിക്കാനായി മൃഗക്കൊഴുപ്പു ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.