കോഴിക്കോട് : തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്ന് കവര്‍ച്ചയ്ക്കായി കേരളത്തിലെത്തുന്ന നാടോടി സംഘത്തിന് രക്ഷകരായി മലയാളി അഭിഭാഷകർ. കേരളത്തിലെത്തി കവര്‍ച്ച നടത്തുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്യുന്ന കുപ്രസിദ്ധരായ മോഷ്ടാക്കളെ രക്ഷപ്പെടുത്തുന്നതിനായാണ് മലയാളി അഭിഭാഷകർ സര്വ്വസജ്ജരായുള്ളത്. കഴിഞ്ഞ മാസം കോഴിക്കോട് നഗരത്തിൽ ബസ് യാത്രയ്ക്കിടെ സ്ത്രീയുടെ രണ്ടരപവന്‍ മാല മോഷ്ടിച്ച സംഭവത്തില്‍ നാടോടി സ്ത്രീയെ പോലീസ് പിടികൂടിയപ്പോള്‍ കഴിഞ്ഞദിവസം അവര്‍ക്ക് വേണ്ടി തൃശൂരിലെ അഭിഭാഷകൻ രക്ഷയ്ക്കെത്തി.
60,000 രൂപ നല്‍കിയാണ് ഈ കേസ് കോടതി മുമ്പാകെ അഭിഭാഷകന് ഒത്തുതീര്‍പ്പാക്കിയത്. ഇതോടെ പുറത്തിറിങ്ങിയ നാടോടി സ്ത്രീ വീണ്ടും മോഷണവുമായി രംഗത്ത് സജീവമായി.കഴിഞ്ഞ മാസം 18 നാണ് കേസിനാസ്പദമായ സംഭവം. ഇലക്ട്രിക് കമ്പനി ഭാഗത്ത് നിന്ന് സിറ്റി സ്റ്റാന്‍ഡിലേക്ക് ബസില്‍ യാത്രചെയ്യവെയാണ് പന്നിയങ്കര ഇലക്ട്രിക് കമ്പനി ഭാഗത്ത് താമസിക്കുന്ന ലതയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടത്.
ഒരു കുട്ടിയുമായി കയറിയ തമിഴ് സ്ത്രീ അസ്വാഭാവികമായി ബസില്‍ പെരുമാറിയിരുന്നു. ബസ് ബ്രേക്കിടുമ്പോഴെല്ലാം നാടോടി സ്ത്രീ ദേഹത്തേക്ക് ചാരിയിരുന്നതായും ഇതിനിടെ സ്വര്ണമാലമോഷ്ടിച്ചെന്നും ലത പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ടൗണ്‍ പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടി. ലത മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ മോഷ്ടിച്ച സ്വര്‍ണം തിരിച്ച് ലഭിച്ചില്ല.
കുറ്റവാളികളെ ദേഹോപദ്രവം ചെയ്യരുതെന്ന ഡിജിപിയുടെ ഉത്തരവ് നിലവിലുള്ളതിനാൽ മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്യാനോ, മാല കണ്ടെടുക്കാനോ പോലീസിന് കഴിഞ്ഞില്ല. ഈ സമയത്താണ് തൃശൂരില്‍ നിന്നുള്ള അഭിഭാഷകന് ടൗൺ പോലീസുമായി ബന്ധപ്പെടുന്നത്. സ്വർണം റിക്കവറി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്നു ചോദിച്ച അഭിഭാഷകൻ 50,000 രൂപ നഷ്ടപരിഹാരമായി ഓഫർചെയ്തു. ഇക്കാര്യം പോലീസ് ലതയെ അറിയിച്ചു.
സാന്പത്തികമായി നല്ല ഞെരുക്കത്തിലുള്ള ലതയ്ക്ക് ഒടുവിൽ ഈ ഓഫർ സ്വീകരിക്കേണ്ടിവന്നു. ഇന്നലെ കോടതിയിലെത്തി അഭിഭാഷകനെ കണ്ട ലത 60,000 രൂപയെങ്കിലും തരണമെന്ന് കരഞ്ഞപേക്ഷിച്ചു. പോലീസാവട്ടെ മധ്യസ്ഥന്റെ റോളിൽ നോക്കിനിന്നു. ലതയുടെ പരിതാപകര അവസ്ഥ ബോധ്യപ്പെട്ട അഭിഭാഷകൻ 60,000 രൂപ കൈയോടെ നൽകി കേസ് പിൻവലിപ്പിക്കുകയായിരുന്നു.
സ്വർണമാല തിരികെലഭിച്ചതായി ലതയ്ക്ക് മജിസ്ട്രേട്ടിനോട് കളവു പറയേണ്ടിവന്നു. ഉരച്ചുനോക്കി സ്വർണമാണെന്ന് ബോധ്യപ്പെട്ടോ, കിട്ടിയത് സ്വന്തം മാലതന്നെയാണോ തുടങ്ങി മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ലത അതേ എന്ന് ഉത്തരംനൽകി. പണിക്കുലി, പണിക്കുറവ് തുടങ്ങിയവ കണക്കുകൂട്ടിയാൽ 90,000 രൂപ വരുമായിരുന്ന കേസാണ് 60,000 രൂപയ്ക്ക് ഒത്തുതീർക്കേണ്ടിവന്നത്.
പിടികൂടുന്നവരുടെ വിവരങ്ങള്‍ അറിഞ്ഞ നിമിഷം തന്നെ ഇത്തരത്തിലുള്ള അഭിഭാഷക സംഘം അവരെ ജയിലിലെത്തി സന്ദര്‍ശിക്കുകയും “കരാര്‍’ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷങ്ങള്‍ വരെ ഫീസിനത്തില്‍ ഇത്തരത്തില്‍ വക്കീലന്മാര് ഇവരില്‍ നിന്ന് വാങ്ങുന്നുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. പരാതിക്കാര്‍ക്ക് നഷ്ടമായതിന്റെ നിശ്ചിത ശതമാനം തുക മാത്രമാണ് നല്‍കുക. അതിനാല്‍ മോഷ്ടിച്ച വസ്തുവിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനം മോഷ്ടാക്കളില്‍ തന്നെ അവശേഷിക്കും.
ഇത്തരത്തിലുള്ള കരാറുകള്‍ ഉറപ്പിച്ചാണ് ഓരോ തിരുടന്മാരേയും ജയിലില്‍ നിന്ന് അഭിഭാഷസംഘം പുറത്തിറക്കുന്നത്. സ്ഥിരം കുറ്റവാളികളായ നാടോടി സ്ത്രീകളെ ഇപ്രകാരം രക്ഷപ്പെടുത്തുന്നത് വഴി കേരളത്തില്‍ പിടിച്ചുപറിയും മോഷണവും വര്‍ധിക്കുന്നുണ്ടെന്നാണ് ക്രൈംറെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ . കേസ് ഒത്തതീര്പ്പാക്കിയാല് വന്‍ തുക ഫീസായി ലഭിക്കുമെന്നതിനാലാണ് അഭിഭാഷകര്‍ നാടോടി സ്ത്രീകളുടെ വക്കാലത്തിനായി “കാത്തിരിക്കുന്നത്’.