പന്തളം:മകരവിളക്കുത്സവത്തിനായി ശബരിമലയിലേക്ക് കൊണ്ടുപോയ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. ആറന്മുളയിൽ നിന്നും ഇന്ന് പുലർച്ചെ പുറപ്പെട്ട ഘോഷയാത്ര രാവിലെ ഏഴോടെ കുളനടയിലെത്തി. അവിടെ നിന്നും സ്വീകരിച്ച് പന്തളത്തേക്ക് ആനയിച്ചു.
പന്തളം വലിയ പാലത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, നഗരസഭാ ചെയർപേഴ്സണ്‍ റ്റി.കെ.സതി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുന്പുളിക്കൽ, നഗരസഭാ കൗണ്‍സിലർമാർ, ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥിപാൽ, സെക്രട്ടറി ശരത്, മുട്ടാർ അയ്യപ്പക്ഷേത്രം, സമസ്ത നായർ സമാജം, അയ്യപ്പസേവാസംഘം ഭാരവാഹികൾ തുടങ്ങിയവർ സ്വീകരിച്ചു.
മേടക്കല്ലിലൂടെ തിരുവാഭരണങ്ങൾ ശ്രാന്പിക്കൽ കൊട്ടാരത്തിലെത്തിച്ചു. ദേവസ്വം ബോർഡ് അധികൃതരും കൊട്ടാരം ഭാരവാഹികളും ചേർന്ന് ആഭരണങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്തി. പിന്നീട് കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി. കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനുമാണ് ഇനി തിരുവാഭരണ ദർശനമുള്ളത്. 12നാണ് മകരവിളക്കുത്സവത്തിനായി തിരുവാഭരണങ്ങൾ ശബരിമലയ്ക്ക് കൊണ്ടുപോയത്.