പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക.
പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും.
യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും.
അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം,നീലിമല,അപ്പാച്ചിമേട് വഴി വൈകുന്നേരം നാലിനാണ് ശബരിപീഠത്തിലെത്തുക. 5.30ന് ശരംകുത്തിവഴി യാത്ര തുടര്‍ന്ന്, 6. 15 ന് കൊടിമരചുവട്ടില്‍ സ്വീകരിക്കപ്പെടും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.
പിന്നീട് മഹാദീപാരാധനയ്ക്കായി നട തുറക്കും. ഇതേസമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും, തുടര്‍ന്ന് ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ടാവും. 20 നാണ് നട അടയ്ക്കുന്നത്.
സുരക്ഷാക്രമീകരണങ്ങളുമായി പോലീസ്
തിരുവാഭരണ ഘോഷയാത്രയുടെ പാതകളിലും മറ്റും തീര്‍ഥാടക ര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍. ഘോഷയാത്രയ്ക്കുള്ള സുരക്ഷയും ഉറപ്പാക്കി. തിരുവാഭരണത്തെ അനുഗമിക്കുന്ന പോലീസ് സംഘം ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ ആവശ്യത്തിന് നിയോഗിച്ചു.
14 ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തര്‍ക്ക് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ദര്ശനത്തിനെത്താനാവൂ. അന്ന് രാവിലെ 10 നുശേഷം തീര്‍ഥാടകരെ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് കടത്തിവിടില്ല. വൈകുന്നേരം തിരുവാഭരണം സന്നിധാനത്തെത്തി ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞിട്ടേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. മകരവിളക്കുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളും പൂര്‍ണസജ്ജമായതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിളക്കിനുശേഷം നിലക്കല്‍ നിന്നു പുറത്തേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കല്‍, കണമല, പ്ലാപ്പള്ളി, ളാഹ പെരുനാട്, വടശ്ശേരിക്കര എന്നിങ്ങനെ യാത്ര ചെയ്യണം.