പത്തനംതിട്ട: പന്തളത്തുനിന്നും 13ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. ബീനാറാണിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളിലെ തിരുവാഭരണ പാത നവീകരണം, കുടിവെള്ള വിതരണം, തെരുവ് വിളക്കുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളെ നാല് സെക്ടറായി തിരിച്ച് നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 350ഓളം ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ഫയര്‍ഫോഴ്സിന്റെ ഒരു ടീമിനെയും വാഹനവും രക്ഷാ ഉപകരണങ്ങളും സജ്ജമാക്കും. ഘോഷയാത്രയെ വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് അനുഗമിക്കും.
തിരുവാഭരണപാതയില്‍ അതാത് പഞ്ചായത്തുകള്‍ നല്കുന്ന തെരുവ് വിളക്കുകള്‍ കെഎസ്ഇബി സ്ഥാപിക്കും.തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ പൈപ്പുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുമെന്ന് ജല അഥോറിറ്റി പ്രതിനിധി പറഞ്ഞു. വടശേരിക്കര, റാന്നി-പെരുനാട് പഞ്ചായത്തുകള്‍ കുടിവെള്ള വിതരണത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അറിയിച്ചു.
തിരുവാഭരണ ഘോഷയാത്രക്കൊപ്പം ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീമും ആംബുലന്‍സും അനുഗമിക്കും. തിരുവാഭരണ ഘോഷയാത്രയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിന് റവന്യൂ വകുപ്പില്‍നിന്ന് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് അവസാനവട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജനുവരി ഏഴിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
തീർഥാടനകാലത്ത് എക്സൈസ് റെയ്ഡ്; 1708 കേസുകള്‍; 3,41,600 രൂപ പിഴ ഈടാക്കി
ശബരിമല: ഒടുവിലത്തെ കണക്കുപ്രകാരം ശബരിമല തീർഥാടന കാലത്ത് എക്സൈസ് റെയ്ഡില്‍ 1708 കേസുകളിലായി 3,41,600 രൂപ പിഴ ഈടാക്കി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 29 വരെയുള്ള കണക്കാണിത്.ഭൂരിഭാഗവും കോട്പ (സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്റ്റ്സ് ആക്ട്) നിയമപ്രകാരമുള്ള കേസുകളാണ്. സന്നിധാനം റേഞ്ചില്‍ 492ഉം പമ്പയില്‍ 616ഉം നിലയ്ക്കലില്‍ 600ഉം കേസുകളാണെടുത്തത്.
ഇവിടങ്ങളില്‍ നിന്ന് യഥാക്രമം 98 400, 1 23 200, 1 20 000 രൂപ പിഴയായി ലഭിച്ചു. സന്നിധാനത്തും പമ്പയിലും പുകയില ഉത്പന്നങ്ങള്‍ മാത്രമാണ് പിടികൂടിയത്. നിലയ്ക്കലില്‍ മൂന്നര ലിറ്റര്‍ മദ്യവും ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. 25 ഗ്രാമോളം കഞ്ചാവിന്റെ രണ്ടുപൊതികളാണ് കണ്ടെടുത്തത്. ഡ്രൈവര്‍മാരില്‍ നിന്നാണ് മദ്യവും കഞ്ചാവും പിടിച്ചത്.