ശ്രീമൂനലനഗരം: സേഫ്റ്റി പിൻ ഉപയോഗിച്ച് മോഷണം തടയുന്ന വിദ്യയുമായി പോലീസ് രംഗത്ത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് ഉത്സവത്തിന് എത്തിയ ഭക്തരുടെ ആഭരണങ്ങൾ മോഷണം പോകുന്നത് തടയുന്നതിനാണ് സേഫ്റ്റി പിൻ ഉപയോഗിക്കാൻ പോലീസ് നിർദേശം നൽകിയത്. ദർശനത്തിയ തീർഥാടകരായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണമാലകൾ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രങ്ങളുമായി കൂട്ടിയോജിപ്പിക്കാനാണ് നിർദേശം.
ക്യൂ നിൽക്കുന്ന സ്ത്രീകളുടെ കൈകളിൽ സേഫ്റ്റി പിൻ വച്ചുകൊടുക്കുന്ന വനിതാ പോലീസുകാരും വിദ്യാർഥികളും തുടക്കത്തിൽ തീർഥാടകരിൽ കൗതുക മുണർത്തിയെങ്കിലും പിന്നാലെ ഇതിന്റെ ഉദ്ദേശം പറഞ്ഞപ്പോഴാണ് കൗതുകം ആദരവായി മാറിയത്. തിരക്ക് മുതലെടുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി.
കാലടി പോലീസ് നടപ്പാക്കിയ പരിപാടിയിൽ ക്ഷേത്ര ട്രസ്റ്റും നടതുറപ്പിനോടനുബന്ധിച്ച് ശുചിത്വ സേവനത്തിനെത്തിയ എസ്സിഎംഎസ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളും പങ്കാളികളായി. വനിതാ പോലീസും എൻഎസ്എസ് വനിതാ വൊളണ്ടിയേഴ്സും ചേർന്ന് സ്വർണമാലകൾ അണിഞ്ഞു വന്ന മുഴുവൻ സ്ത്രീകൾക്കും കുട്ടികൾക്കും സേഫ്റ്റി പിൻ ലോക്ക് നൽകി.
കാലടി സിഐ ടി.ആർ. സന്തോഷ്, എസ്ഐ റിൻസ് എം. തോമസ്, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാതുൽ രാം, അംഗങ്ങളായ കെ.കെ. ബാലചന്ദ്രൻ, കെ.എ. പ്രസൂണ്കുമാർ, പി.ജി. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.