ശ്രീമൂലനഗരം: ആയിരങ്ങൾ പങ്കെടുക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് ആഘോഷദിനങ്ങളെ പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമാക്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാനത്ത് മാതൃകയാകുന്നു. ജനുവരി ഒൻപതിന് ആരംഭിച്ച നടതുറപ്പു മഹോത്സവം പകുതി ദിനങ്ങൾ പിന്നിടുന്പോൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനലക്ഷങ്ങൾക്ക് ഉമാമഹേശ്വര·ാരുടെ അനുഗ്രഹ വർഷത്തോടൊപ്പം വൃത്തിയുടെ നല്ലപാഠങ്ങളും പകർന്നു നൽകുകയാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്.
സംസ്ഥാന ശുചിത്വ മിഷനും കറുകുറ്റി എസ് സിഎംഎസ് കോളജിലെ എൻ.എസ്.എസ്. വാളണ്ടിയേഴ്സും ക്ഷേത്ര ട്രസ്റ്റിനൊപ്പം ചേർന്ന് ക്ഷേത്ര പരിസരങ്ങളെ മാലിന്യ മുക്തമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനു പ്രത്യേക സംവിധാനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശുചി മുറികളിൽ നിന്നുള്ള സ്വീവേജ് മാലിന്യം സംസ്ക്കരിക്കുന്നതിന് അൻപതിനായിരം ലിറ്റർ പ്രതിദിന ശേഷിയുള്ള ശുചികരണ പ്ലാന്റുകളാണ് ക്ഷേത്ര ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.
മലിനജലം ആറു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ ശേഖരിച്ചശേഷം ശുചീകരണ പ്ലാന്റിലൂടെ അൾട്രാ ഫിൽട്രേഷൻ സാങ്കേതിക വിദ്യയിലൂടെ സംസ്ക്കരിച്ചെടുക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ കൃത്യമായ ഇടവേളകളിൽ പ്ലാന്റിന്റെ കാര്യക്ഷമതയും സംസ്ക്കരിച്ച വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്.
പ്ലാന്റിൽ നിന്നുള്ള സംസ്ക്കരിച്ച ജലം ഉപയോഗിച്ച് ക്ഷേത്രത്തിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളിൽ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുകയാണ്. ഇത്തരത്തിൽ ഉൽപാദിപ്പിച്ച രണ്ട് ടണ് പച്ചക്കറികൾ നടതുറപ്പ് സമയത്ത് നടത്തിവരുന്ന അന്നദാനത്തിന് ഉപയോഗിക്കുന്നതായി സെക്രട്ടറി രാതുൽ റാം പറഞ്ഞു.
മാലിന്യമുക്ത ആഘോഷമെന്ന ആശയം പ്രാവർത്തികമാക്കുന്നതിന് മൂന്നു വർഷം കൊണ്ട് ഒന്നര കോടിയോളം രൂപയാണ് ക്ഷേത്ര ട്രസ്റ്റ് ചിലവഴിച്ചിട്ടുള്ളത്. ക്ഷേത്ര ട്രസ്റ്റ് ക്ഷേത്ര പരിസരങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ പ്രധാന ശേഖരണ കേന്ദ്രത്തിലെത്തിച്ച് ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്നതിന് സംവിധാനമുണ്ട്.