തിരുവല്ല: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവല്ല ബൈപാസിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. മാര്‍ച്ച് 31നകം ഭാഗികമായി തുറന്നുകൊടുക്കത്തക്ക തരത്തിലാണ് ഇപ്പോള്‍ ബൈപാസിന്റെ പണികള്‍ പുരോഗമിക്കുന്നത്. മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെ മാര്‍ച്ച് ഒന്നിനു പൂര്‍ത്തിയാക്കും.
ഔപചാരികമായി റോഡിന്റെ ഉദ്ഘാടനം നടത്തിയിട്ടില്ലെങ്കിലും ഇതുവഴി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. റോഡിന്റെ ഏറിയ ഭാഗവും പൂര്‍ത്തിയായതോടെ മഴുവങ്ങാട് മുതല്‍ ബി വണ്‍ ബി വണ്‍ റോഡ് വരെയും റെയില്‍വേ സ്റ്റേഷന് റോഡ് മുതല്‍ മല്ലപ്പള്ളി റോഡ് വരെയുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്.
മഴുവങ്ങാട് പാലം മുതല്‍ പുഷ്പഗിരി റോഡ് വരെയുള്ള ചെറിയദൂരം മാത്രമാണ് ടാറിംഗ് പൂര്‍ത്തിയാക്കാനുള്ളത്. മല്ലപ്പള്ളി റോഡ് മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ വയഡക്ടിന്റെയും റോഡിന്റെയും നിര്‍മാണവും മേയ് അവസാനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
പൈലിംഗ് പൂര്‍ത്തിയായ വയഡക്ടിന്റെ തൂണുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ബി വണ്‍ ബി വണ്‍ റോഡില്‍ നിന്നു മേല്‍പാലത്തിലേക്കു കയറുന്ന ഭാഗത്തെ മണ്ണിട്ടു നിരപ്പാക്കുന്ന ജോലി പൂര്‍ത്തിയായി. പാലവും റോഡും തമ്മില്‍ ചേരുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യാനുണ്ട്.
മേല്‍പാലം മുതല്‍ മല്ലപ്പള്ളി റോഡ് വരെ ടാറിംഗ് നടത്തിയിട്ടുണ്ട്. രാമന്ചിറഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തേണ്ട ജോലികള്‍ ബാക്കിയുണ്ട്. ഇത് വയഡക്ടിന്റെ നിര്‍മാണത്തോടൊപ്പം പൂര്‍ത്തിയാകും.
ബി വണ്‍ ബി വണ്‍ റോഡില്‍ നിന്നു മേല്‍പാലം വരെയുള്ള ഭാഗത്ത് ജിഎസ്ബി, ഡബ്ലിയുഎംഎം എന്നിവയിട്ട് ബിഎം, ബിസി ടാറിംഗും നടത്തണം ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുദിവസം മതിയാകും.
എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ടികെ റോഡിലേക്കു പോകാനുള്ളവയും റെയില്‍വേ സ്റ്റേഷന് റോഡ് വഴി വരുന്ന മല്ലപ്പള്ളി ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങളുമാണ് ഇപ്പോള്‍ പൂര്‍ത്തിയായ ബൈപാസിന്റെ ഭാഗത്തുകൂടി കടന്നുപോകുന്നത്. ദിശാബോര്‍ഡുകള്‍ സ്ഥാപിക്കലും നടക്കേണ്ടതുണ്ട്.
ഇതിനും രണ്ടോമൂന്നോ ദിവസങ്ങള്‍ മതിയാകും. നിര്‍മാണ പുരോഗതി വിലയിരുത്തിയ കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. ജി. രാജമാണിക്യം തിരുവല്ല എംഎല്‍എ മാത്യു ടി.തോമസ് എന്നിവര്‍ മേയ് 31നു ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.