പത്തനംതിട്ട: ജില്ലയുടെ ക്രമസമാധാന നില പൂർണമായി തകർന്നിരിക്കുകയാണെന്നും പോലീസ് പീഢനം നടത്തിയവനു കൂട്ടു നിൽക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആരോപിച്ചു.
ഭർത്താവ് വിദേശത്തുള്ള യുവതിയെ സിപിഎം നേതാവ് പീഢിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ പ്രതിയായ സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജി മോനെ രക്ഷിക്കാനാണ് പോലീസ് കൂട്ടു നിന്നത്.
ഒളിവിൽ പോയ സജിമോനെ രക്ഷിക്കാൻ സിപിഎം നേതൃത്വം ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിക്കാനാണ് പോലീസിനെ ഉപയോഗിച്ചത്.പെണ്കുഞ്ഞിനു ജന്മം നൽകിയ യുവതി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് പ്രതിയായ സജിമോന്റെ ഡിഎൻഎ പരിശോധന തിരുവല്ല താലൂക്കാശുപത്രിയിൽ നടത്തിയപ്പോൾ പ്രതിക്കു പകരം മറ്റൊരാളുടെ രക്തസാന്പിളാണ് ആശുപത്രിയിൽ നൽകിയത്.
പകരക്കാരൻ സ്വന്തം പേര് ആശുപത്രി അധികൃതർക്കു മുന്പിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിക്കു പകരം പകരക്കാരനെ ഹാജരാക്കിയ തിരുവല്ല പോലീസിലെ സിവിൽ പോലീസ് ഓഫീസർ ഹരിലാലിന്റെ നടപടി കണ്ടു പിടിക്കപ്പെട്ടത്. തുടർന്ന് ഹരിലാലിനെതിരെ നടപടിക്കു സിഐ ജില്ലാ പോലീസിനു റിപ്പോർട്ടു നൽകിയെങ്കിലും അതും സിപിഎം നേതൃത്വം ഇടപെട്ടു ഇല്ലാതാക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.
ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഎം ലോക്കൽ സെക്രട്ടറിയെ രക്ഷപെടുത്താൻ പോലീസിനെ ഉപയോഗിച്ചു സിപിഎം നടത്തിയ കള്ളക്കളി വെളിച്ചത്തു വന്ന സ്ഥിതിക്ക് ജില്ലയിലെ പോലീസിന്റെ എല്ലാ നടപടികളും ജനങ്ങൾ ആശങ്കയോടാണ് കാണുന്നത്.കഴിഞ്ഞ 25 ദിവസമായി കാണാതായ കൊല്ലമുളയിലെ ജെസ്നയെന്ന പെണ്കുട്ടിയെക്കുറിച്ചുള്ള അന്വേഷണം നിലച്ച മട്ടാണ്.
പന്തളം തെക്കേക്കരയിലെ പഞ്ചായത്തു മെംബർ മരിച്ച് അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ 12 ദിവസം കിടന്നിട്ടും ആളെ കണ്ടെത്താൻ പത്തനംതിട്ട ജില്ലയിലെ പോലീസിനു കഴിഞ്ഞില്ല.
ആളെ കണ്ടെത്തിയില്ലെന്ന് അടൂർ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും മരിച്ച ആളിനെ തപ്പി നടക്കുന്ന പോലീസിന്റെ സ്ഥിതി അതിദയനീയമായിരുന്നു. ജില്ലയിലെ പോലീസിന്റെ ജാഗ്രതക്കുറവിന്റെ കുറ്റസമ്മതം കൂടിയാണ് ഈ സംഭവം.
ജില്ലയിലെ പോലീസ് ചീഫുമാരെ അടിക്കടി മാറ്റി പോലീസ് സേനയെ സിപിഎമ്മിന്റെ വരുതിക്കു നിർത്താനുള്ള ശ്രമത്തെ കോണ്ഗ്രസ് രാഷ്ട്രീയമായി നേരിടും. പോലീസിന്റേതായി ജില്ലയിൽ അവസാനമായി നടന്ന ഏറ്റവും ഹീനമായ നടപടിയാണ് തിരുവല്ലയിൽ കണ്ടത്.
പ്രതിയുടെ ഡിഎൻഎ പരിശോധനയ്ക്കുള്ള രക്തസാന്പിൾ മാറ്റി സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച തിരുവല്ലയിലെ സിവിൽ പോലീസ് ഓഫീസർ ഹരിലാലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും കാണാതായ ജെസ്നയെ കണ്ടെത്താൻ ശക്തമായ നടപടിയെടുക്കുകയും ചെയ്തില്ലെങ്കിൽ വ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.