തിരുവല്ല: തിരുവല്ലയിൽ മുൻകാല സഹപാഠിയുടെ ക്രൂരകൃത്യത്തിന് ഇരയായ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ആറടി മണ്ണു പോലും ലഭ്യമാകാതെ മാതാപിതാക്കൾ വിതുന്പി.
കുടുംബസ്വത്തായി അയിരൂരിൽ ലഭിച്ച മൂന്ന് സെന്റ് ഭൂമി മാത്രമാണു കുടുംബത്തിന് ആകെയുണ്ടായിരുന്നത്. അവിടെ മൃതദേഹം സംസ്കരിക്കുക പ്രായോഗികമായിരുന്നില്ല.
മാത്രമല്ല ഏറെനാളായി തിരുവല്ല ചുമത്രയിൽ വാടകയ്ക്കു കഴിയുകയായിരുന്നു കവിതയുടെ കുടുംബം. അവസാനം തിരുവല്ല നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചു.
ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടത്തിയശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്നു വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം ഉച്ചകഴിഞ്ഞു മൂന്നോടെ പെൺകുട്ടി പഠിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ പൊതുദർശനത്തിനു വച്ചു.
നൂറുകണക്കിനാളുകളും സഹപാഠികളും അന്തിമോപചാരം അർപ്പിച്ചു. മാതാപിതാക്കളും സഹോദരങ്ങളും അലമുറയിട്ടു കരയുന്നതുകണ്ട് തടിച്ചു കൂടിയ പലരുടെയും കണ്ണുകൾ നിറഞ്ഞു. വൈകുന്നേരം നാലരയോടെ തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തിയ ശേഷം സംസ്കരിച്ചു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ലാ കളക്ടർ പി.ബി നൂഹ്, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.
ചെലവുകൾ സർക്കാർ ഏറ്റെടുക്കും
റാന്നി: യുവാവിന്റെ ക്രൂരകൃത്യത്തിൽ പൊള്ളലേറ്റ പെൺകുട്ടിയുടെ ആശുപത്രി ചെലവുകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിനു സാമ്പത്തിക സഹായം നൽകുന്നതിനു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതായും എംഎൽഎ പറഞ്ഞു.