തിരുവല്ല: നഗരത്തിൽ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് പിടികൂടി പോലീസ്. ഇവർ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഒരാളെ ബസിൽ നിന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പോലീസ് പിടികൂടിയത്. തൃശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് യുവാക്കളും പെൺകുട്ടിയുമെത്തിയത്. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാക്കൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനുശേഷമാണ് യുവാക്കൾ കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന്, കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു.