തിരുവല്ല: റെയിൽവേ സ്റ്റേഷൻ സർക്കുലേറ്റിംഗ് ഏരിയ ടാറിംഗ് ചെയ്യുന്നതിനും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ പഴയ ആസ്ബറ്റോസ് ഷീറ്റുകൾ മാറ്റി പുതിയ ഗാൽവനൈസിംഗ് ഷീറ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോം റൂഫിംഗിനുമായി 1 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായി ആന്റോ ആന്റണി എംപി അറിയിച്ചു.
ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ലിഫ്റ്റ് നിർമാണവുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ നടന്നുവരികയാണ്. 3യ65 കോടി രൂപ അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷൻ നിർമിക്കുന്ന രണ്ട് എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും നിർമാണം പൂർത്തീകരിച്ചുകഴിഞ്ഞു. വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട താമസം മാത്രമാണ് നിലവിലുള്ളത്. കണക്ഷൻ ലഭിച്ചാലുടൻ തന്നെ പൊതുജനങ്ങൾക്ക് എസ്കലേറ്റർ തുറന്നു കൊടുക്കാൻ കഴിയുമെന്നും എംപി പറഞ്ഞു.
ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ മേൽപാലത്തിലേക്ക് കയറുന്നതിനാണ് എസ്കലേറ്റർ നിർമിച്ചിരിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്നതിനുള്ള നടപ്പാലമാണ് റെയിൽവേ മന്ത്രാലയത്തിൽ നിന്നും അനുവദിച്ച 1.6 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്നത്.
റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയുള്ള റോഡ് വീതികൂട്ടി ബസ് ഗതാഗതം സാധ്യമാകുന്ന വിധത്തിൽ നിർമിക്കുന്നതിന് റെയിൽവേ സ്ഥലം വിട്ടു നല്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിനായി ആദ്യഘട്ടത്തിൽ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചുകഴിഞ്ഞു. എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും ലിഫ്റ്റുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ശബരിമല തീർഥാടകർ, പ്രായമായവർ, വൈകല്യമുള്ളവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുമെന്നും എംപി പറഞ്ഞു.