തിരുവല്ല: റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട ചരക്കുഗതാഗതത്തിനുള്ള സാധ്യത കുറയുന്നു. വിവാദങ്ങളിലകപ്പെട്ട് ചരക്കിറക്കുമായി ബന്ധപ്പെട്ട നടപടികൾ കുടുങ്ങിയതോടെ സമീപ സ്റ്റേഷനുകളിൽ ചരക്കിറക്ക് സാധ്യതകൾ തേടുകയാണ് റെയിൽവേ. കായംകുളത്തുനിന്ന് ചങ്ങനാശേരിവരെയുള്ള പാത ഇരട്ടിപ്പിക്കൽ സാധ്യത പൂർത്തിയായതോടെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെ ചരക്കിറക്കു സാധ്യത വികസിപ്പിക്കാനുള്ള തീരുമാനമായിട്ടുണ്ട്.
ചങ്ങനാശേരിയിലെ നാലാം പ്ലാറ്റ്ഫോം പൂർണമായി ചരക്കു ട്രെയിനുകൾക്കായി മാറ്റിയിട്ടിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനു സമീപത്തുകൂടി ഗുഡ്സ് ഷെഡ് റോഡിന്റെ നിർമാണവും നടന്നുവരുന്നു.
ചരക്കു തീവണ്ടികൾ നാലാം പ്ലാറ്റ്ഫോമിൽ നിർത്തി അവിടെനിന്ന് വാഹനമാർഗം ചരക്കുനീക്കം നടത്താനാകും. എഫ്സിഐ ഗോഡൗണുകളിലേടക്കമുള്ള ചരക്കുകൾ സുഗമമായി ഇവിടെനിന്നു നീക്കാനാകും. തിരുവല്ലയിലും നാലാം പ്ലാറ്റ്ഫോം ചരക്കുഗതാഗതത്തിനുവേണ്ടി നിർമിച്ചിരുന്നെങ്കിലും വിവാദങ്ങൾ വിട്ടുമാറിയില്ല.
തിരുവല്ലയിൽ റെയിൽവേ സിമന്റ് യാർഡ് തുടങ്ങുന്നുവെന്ന പേരിൽ വിവാദം കോടതി കയറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തീരുമാനം വൈകിയതോടെ റെയിൽവേയും പിന്തിരിഞ്ഞ മട്ടാണ്. സ്റ്റേഷന്റെ വരുമാനത്തിലും ഇതുവഴി വികസന പ്രവർത്തനങ്ങളിലും സാധ്യത ഏറെയായിരുന്നെങ്കിലും സിമന്റ് യാർഡിനെതിരെ പ്രാദേശിക എതിർപ്പുകൾ രൂക്ഷമായിരുന്നു.
ഇതര ചരക്ക് വണ്ടികളും തിരുവല്ലയിൽ ലോഡ് ഇറക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്.ഇരട്ടപ്പാതയ്ക്കു മുന്പുതന്നെ നാലാം പ്ലാറ്റ്ഫോം തുറന്നിരുന്നു.നവീകരണ പ്രവർത്തനങ്ങൾ നടക്കുന്പോൾ യാത്രാ തീവണ്ടികളും ഇതേ പ്ലാറ്റ്ഫോമിൽ നിർത്തിവന്നിരുന്നു. സിമന്റ് വാഗണുകൾ ഇക്കാലയളവിൽ തിരുവല്ലയിൽ എത്തുകയും ലോഡിറക്കുകയും ചെയ്തു. നാലാം പ്ലാറ്റ് ഫോമിന്റെയും അനുബന്ധ പാതയുടെയും വികസനപ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.
ഇരട്ടപ്പാത പൂർത്തീകരണത്തിന്റെ ഭാഗമായി നവീകരിച്ച സ്റ്റേഷനുകളിൽ തിരുവല്ലയിലും ചങ്ങനാശേരിയിലും റെയിൽവേ ചരക്കുഗതാഗതത്തിന്റെ സാധ്യത കൂടി കണ്ടിരുന്നു. എന്നാൽ തിരുവല്ലയുടെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ശക്തമായ സമ്മർദമുണ്ടായില്ലെന്നാണ് ആക്ഷേപം.