തിരുവനന്തപുരം: തിരുവല്ലത്തെ ലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയെന്ന ആരോപണത്തിൽ കേസ് കൈകാര്യം ചെയ്ത എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ചൊവ്വാഴ്ച ഗുണ്ടാത്തലവൻ ഷാജഹാനിൽ നിന്നാണ് ലഹരിമരുന്നായ ഹാഷിഷ് പോലീസ് കണ്ടെടുത്തത്.
ലഹരിമരുന്നും രണ്ട് കാറുകളും ഉൾപ്പെടെ ഷാഡോ പോലീസ് പിടികൂടിയ പ്രതിയെ തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ തോത് കുറച്ച് രേഖപ്പെടുത്തുകയും ഒരു കാർ ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം ഉയർന്നത്.പ്രതികളില്‍ നിന്നും 30 ഗ്രാം കഞ്ചാവും ,65, 000 രൂപയും എയര്‍ ഗണ്ണും പിടിച്ചെടുത്തിരുന്നു.
ഗുണ്ടാ നേതാവും വളളക്കടവ് സ്വദേശിയുമായ ഷാജഹാൻ, നെടുമം സ്വദേശി ആഷിഖ്, വളളക്കടവ് സ്വദേശി മാഹീന് , കാര്‍ഷിക കോളജ് കീഴുര്‍ സ്വദേശി വേണു എന്നിവരാണ് കേസിലെ പ്രതികൾ.
സിറ്റി പോലീസ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിപി. നകുൽ ദേശ്മുഖിനെ നിയോഗിച്ചിരുന്നു. അദ്ദേഹം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസ് കൈകാര്യം ചെയ്ത എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയത്. എസ്ഐയ്ക് കെതിരെ നടപടി ഉണ്ടാകും.