മുണ്ടക്കയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ.
തിരുവനന്തപുരം തകിടിയില്‍ വിഷ്ണു ഭവനില്‍ ഉണ്ണികൃഷ്ണ (തിരുവല്ലം ഉണ്ണി-50) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുണ്ടക്കയം പുത്തൻചന്തയിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് അറുപതിനായിരം രൂപയും കുരുമുളക്, ജാതിക്ക അടക്കമുള്ള മലഞ്ചരക്ക് സാധനവും മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 20നാണ് പുത്തൻചന്തിയിലെ കടയിൽ മോഷണം നടന്നത്. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
രണ്ടാഴ്ചമുമ്പ് പ്രതിയായ തിരുവല്ലം ഉണ്ണി പത്തനംതിട്ടയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം സിഐയുടെ നേതൃത്വത്തില്‍ പോലീസ് പിന്തുടര്ന്നെങ്കിലും പോലീസിനെ തിരിച്ചറിഞ്ഞ ഇയാള്‍ മലമുകളിലേക്ക് വാഹനം ഓടിച്ചു കയറ്റി റോഡ് അവസാനിക്കുന്ന സ്ഥലത്തുനിന്നു വാഹനം ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.
പോലീസ് ഒപ്പമെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്റ്റേഷനിലെ പോലീസുകാരി ഇയാള്‍ക്കൊപ്പം എങ്ങനെയെത്തിയെന്നത് അന്വേഷണം നടത്തുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.
ആഡംബരജീവിതം
മോഷ്ടിക്കുന്ന പണവും , മറ്റു സാധനങ്ങളും ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. വിവിധ പ്രദേശങ്ങളില്‍ സ്ഥലങ്ങളും കാറുകളും ഇരുചക്രവാഹനങ്ങളുമടക്കം എട്ടോളം വാഹനങ്ങൾ ഇയാള്‍ക്കു സ്വന്തമായുണ്ട്.
തിരുവനന്തപുരത്തെ സ്വന്തം വീട്ടില്‍ 36 സിസിടിവി കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഇയാളുടെ വീടിന്റെ പരിസരത്ത് ആരെത്തിയാലും കണ്ടെത്തിയിരുന്നു.
അതിനാൽ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെ പോലീസ് പിടികൂടുന്നത് 2500 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള മറ്റൊരു വാടക വീട്ടിൽ നിന്നുമാണ്.
പുലർച്ചെ നാലോടെ വാഹനത്തിലെത്തിയ ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്നു മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മോഷണം, അടിപിടി, കൊലപാതകശ്രമമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഓളം കേസുകളിൽ പ്രതിയാണ്.
മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈന്‍കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. അനീഷ്, എഎസ്ഐ കെ.ജി. മനോജ്, എസ് സിപി ഒമാരായ പി.എസ്. രഞ്ജിത്ത്, ജോഷി തോമസ്, സിപിഒമാരായ രഞ്ജിത് നായര്‍, ശരത് ചന്ദ്രന്, ജോണ്സണ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.