കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസിന്റെ ടയറുകള്‍ക്കു കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണു പ്രാഥമിക കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നു വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ശാസ്ത്രീയമായ പരിശോധന നടത്തും. ഇന്നലെയാണ് പുല്ലൂരാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മുത്തപ്പന് പുഴയില്‍നിന്ന് തിരുവമ്പാടിയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് തല കീഴായി പുഴയിലേക്കു മറിയുകയായിരുന്നു.