തിരുവമ്പാടി: മഴയായാലും വെയിലായാലും അത് കൊള്ളാൻ വിധിക്കപ്പെട്ടവരാണ് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ. 10 വർഷം മുൻപ് ഈ ഡിപ്പോയുടെ പ്രവർത്തനം തുടങ്ങിയ സമയത്ത് ആരംഭിച്ചതാണ് ഇവരുടെ ഈ ദുരിതവും. വർഷങ്ങളായി ഡിപ്പോ പ്രവർത്തിച്ചു വന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ താൽക്കാലിക ഷെഡിലായിരുന്നു.
ഏറെ ദുരിതങ്ങൾക്കിടയിൽ നിന്ന് മോചനം വേണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് പണം മുടക്കി സ്ഥലം ഏറ്റെടുക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി അന്നത്തെ എംഎൽഎ സി.മോയിൻകുട്ടി ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു.
എന്നാൽ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കെഎസ്ആർടിസിക്ക് കൈമാറിയത് ഓഡിറ്റ് ഒബ്ജകഷൻ വരികയും സാങ്കേതികതയിൽ പെട്ട് നിർമാണം നിലച്ച് പോവുകയുമായിരുന്നു. ഇതോടെ ഭരണ സമിതി പ്രത്യേക തീരുമാനപ്രകാരം ഈ സാങ്കേതിക പ്രശ്നം മറികടക്കുകയും ചെയ്തു. ഡിപ്പോ നിർമാണത്തിനായി നിലവിലെ എംഎൽഎ ജോർജ് എം തോമസ് ഫണ്ട് വകയിരുത്തുകയും ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമാണ കരാർ നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി എംഡി ഉടക്കുമായി വന്നതെന്ന് നാട്ടുകാർ പറയുന്നു.
കെഎസ്ആർടിസിക്ക് രജിസ്റ്റർ ചെയ്ത് നൽകാത്ത സ്ഥലത്ത് നിർമാണം നടക്കില്ലന്ന വാശിയാണ് ഡിപ്പോ നിർമാണത്തിന് പ്രധാന തടസമെന്ന് ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ് പറഞ്ഞു. സംസ്ഥാന സർക്കാരും വകുപ്പ് മന്ത്രിയും എംഎൽഎയും ഇടപെട്ട് എംഡിയെ നിലക്ക് നിർത്തണമെന്നും ബോസ് ജേക്കബ് ആവശ്യപ്പെട്ടു. എംഡിയുടെ പിടിവാശിയിൽ പെട്ട് നിർമ്മാണം അനന്തമായി നീണ്ടു പോവുമ്പോൾ മഴയത്ത് ചെളിയിലും വെയിലത്ത് വിയർത്തൊലിച്ചും ദുരിതങ്ങൾ സഹിക്കുകയാണ് ഒരു പറ്റം ജീവനക്കാർ