വെള്ളമുണ്ട: യഥാസമയത്ത് പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് തരുവണ-മക്കിയാട് റോഡ് തകരുന്നു. 10 കോടി രൂപാ ചെലവിൽ നവീകരണപ്രവൃത്തികൾ നടത്തുവരുന്നതിനിടെയാണ് അഞ്ച് മാസം മുന്പ് ടാറിംഗ് നടത്തിയ റോഡിന്റെ ഇരുവശങ്ങൾ വിള്ളൽ വീണ് തകരുന്നത്.
ടാറിംഗിന് ശേഷം റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിന് മണ്ണിട്ട് ഉയർത്താതിരുന്നതാണ് റോഡ് തകരാനിടയാക്കുന്നത്. റോഡിന്റെ വീതി പത്ത് മീറ്ററിൽ നിന്നും 12 മീറ്ററാക്കി വർധിപ്പിച്ചിരുന്നു. ടാറിംഗ് നടത്തിയപ്പോഴുണ്ടായ കട്ടിംഗുകൾ നികത്തുന്നതിൽ കരാറുകാരൻ കാണിച്ച വീഴ്ചയാണ് റോഡ് തകർച്ചയിലേക്ക് നയിക്കുന്നത്.
ടാറിംഗ് പൂർത്തിയായ ഉടനെ മുഴുവൻ സ്ഥലങ്ങളിലും മണ്ണിട്ട് ടാറിംഗിനൊപ്പം റോഡ് ഉയർത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ റോഡ് തകരില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.കരാറുകാരന്റെ അനാസ്ഥ കാരണം 2019 മാർച്ചിലാണ് ടാറിഗ് പൂർത്തിയായയത്. റോഡരികിലെ ഓട നിർമാണം, ടൗണുകളിലെ ഓവുചാൽ നിർമാണം, റോഡുകളിലെ സുരക്ഷാ സൂചനകൾ സ്ഥാപിക്കൽ തുടങ്ങി നിരവധി പ്രവൃത്തികൾ ഇനിയും ബാക്കിയിരിക്കെയാണ് നിർമിച്ച റോഡ് തകരുന്നത്.