കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ മൊത്ത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.50 ശതമാനം വർധന. ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ എണ്ണത്തിലും അതുവഴിയുള്ള വരുമാനത്തിലുമാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിട്ടുള്ളത് – 16.90 ശതമാനം.
47 സ്റ്റേഷനുകളിൽ പാർക്കിംഗ് ഏരിയകൾ വിപുലീകരിച്ചു. 92104 ചതുരശ്ര മീറ്ററിലെ വികസനത്തിന് പുറമേ 50737 ചതുരശ്ര മീറ്റർ കൂടി പാർക്കിംഗിനായി ഏർപ്പെടുത്തിയപ്പോൾ അതുവഴിയും വരുമാനത്തിൽ വളർച്ച ഉണ്ടായതായി ഡിആർഎം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ 11 സ്റ്റേഷനുകളിൽ എയർ കണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഹാളുകൾ ആരംഭിക്കുകയുണ്ടായി.
നാല് സ്റ്റേഷനുകളിൽ കൂടി ഏസി വെയിറ്റിംഗ് ഹാളുകൾ ഉടൻ ആരംഭിക്കും. 37 സ്റ്റേഷനുകളിലായി 136 കാറ്ററിംഗ് സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ വിവിധ സ്റ്റേഷനുകളിലായി 15 സ്റ്റാളുകൾ കൂടി പ്രവർത്തനം ആരംഭിക്കും.
ശബരിമല സീസണിൽ 275 പ്രത്യേക ട്രെയിനുകൾ ഓടിച്ചു. ചരക്ക് ഗതാഗത വർധന ലക്ഷ്യമിട്ട് കഴക്കൂട്ടത്ത് പുതുതായി ഒരു ഗുഡ്സ് ഷെഡ് പ്രവർത്തനം ആരംഭിച്ചു.
ഇതു വഴി പ്രതിവർഷം നാല് മുതൽ അഞ്ച് ലക്ഷം മെട്രിക് ടൺ ചരക്കുകൾ കൈമാറ്റം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. തമിഴ് നാട്ടിലെ വള്ളിയൂരിൽ നിന്ന് കൊച്ചുവേളി വരെ റോൾ ഓൺ-റോൾ ഓഫ് സേവനം ഉടൻ ആരംഭിക്കും.
2023-24 കാലയളവിൽ ഡിവിഷനിൽ ആർപിഎഫും മികച്ച സേവനമാണ് കാഴ്ച്ചവച്ചത്. 81 നിയമലംഘകരെ പിടികൂടി റെയിൽവേയുടെ 17 ലക്ഷം രൂപയുടെ സ്വത്ത് വകകൾ വീണ്ടെടുത്തു. യാത്രക്കാരുടെ ലഗേജുകൾ മോഷ്ടിച്ചതിന് 41 കേസുകളിലായി 46 പേരെ അറസ്റ്റ് ചെയ്തു.
വീടും നാടും വിട്ടിറങ്ങിയ 121 കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ അധികാരികൾക്ക് കൈമാറി. മദ്യം – മയക്കുമരുന്ന് എന്നിവ കൈവശം വച്ചതിന് 60 കേസുകൾ പിടികൂടി. 1.48 കോടി വിലമതിക്കുന്ന ഇത്തരം നിരോധിത വസ്തുക്കൾ നിയമ ലംഘകരിൽ നിന്ന് കണ്ടെടുത്തു.
അടിയന്തിര ഇടപെടലിലൂടെ ആർപിഎഫ് 14 പേരുടെ ജീവൻ രക്ഷപ്പെടുത്തി. മഹിളാ മൈത്രി, യോധിനി എന്നീ രണ്ട് സംരഭങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തിയുള്ള വാട്സ് ആപ്പ് ഗ്രൂപ്പാണ് വനിതാ മൈത്രി.
ആർപിഎഫ് വനിതാ സബ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലുള്ള സ്ക്വാഡാണ് യോധിനി. വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെ ഓടുന്ന വണ്ടികളിൽ ഈ സ്ക്വാഡിന്റെ നിരന്തര പരിശോധനകൾ ഉണ്ടാകും.
പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷനുകളുടെ പുനർ വികസനം എന്നിവ ഡിവിഷൻ പരിധിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നാഗർകോവിൽ – കന്യാകുമാരി, ആറൽവായ്മൊലി – നാഗർകോവിൽ ജംഗ്ഷൻ എന്നീ റൂട്ടുകളിലെ പാത ഇരട്ടിപ്പിക്കലും എല്ലായിടത്തും വേഗത 110 കിലോമീറ്ററായി വർധിപ്പിക്കുന്നതും ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും ഡിആർഎം അറിയിച്ചു.
എസ്.ആർ. സുധീർ കുമാർ