തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിനു റോഡില്‍ പാര്‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള വിവാദ കരാര്‍ റദ്ദാക്കി തിരുവനന്തപുരം നഗരസഭ. പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് ദിവസം മുമ്പാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയത്.
നഗരസഭയ്ക്ക് പിഡബ്ല്യുഡിയുടെ റോഡ് വാടകയ്ക്ക് നല്‍കാന്‍ അവകാശമില്ലെന്നാണ് ചീഫ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിന്നാലെയാണ് നഗരസഭ കരാര്‍ റദ്ദാക്കിയത്.
സെക്രട്ടേറിയറ്റിനടുത്തുള്ള തിരക്കേറിയ റോഡാണ് സ്വകാര്യ ഹോട്ടലിനു പാര്‍ക്കിംഗ് സൗകര്യത്തിനായി നഗരസഭ വാടകയ്ക്ക് നല്‍കിയത്.
പാര്‍ക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കടയുടമ അപേക്ഷ നല്‍കിയതോടെ കോര്‍പ്പറേഷനിലെ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്നാണ് റോഡ് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. പ്രതിമാസം 5000 രൂപ വാടക ഇനത്തില്‍ ഈടാക്കിയിരുന്നു.
ഹോട്ടലിനു മുന്നില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഹോട്ടലുടമ അനുവദിക്കാതിരുന്നതോടെ പല തവണ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.