കടൽ ഇഷ്ടമല്ലാത്ത ആരാണുള്ളത്. തിരമാലകളെണ്ണി നേരം വെെകിപ്പിക്കുന്നത് പലരുടേയും വിനോദമാണ്. എന്ത് സങ്കടം വന്നാലും കടൽ തീരത്തു പോയിരുന്നു തിരകളെ നോക്കിയിരുന്നാൽ മതി കടലമ്മ അവയെല്ലാം അകറ്റിത്തരുമെന്നു മുത്തശി കഥകളിൽ വായിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ആരംഭിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമാണ് ശംഖുമുഖത്ത് ആരംഭിച്ചത്.
ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷമാണ് വിവാഹം. ആ വിവാഹം കടലിനെ സാക്ഷി നിർത്തി നടത്തിയാലോ. കൊല്ലം നിലമേൽ സ്വദേശി റിയാസ് ഇബ്രാഹിം തന്റെ പ്രതിശ്രുത വധു ഉള്ളൂർ സ്വദേശി അനഘ.എസ്.ഷാനുവിന്റെ കഴുത്തിൽ കടലിനെ സാക്ഷി നിർത്തി താലി ചാർത്തി. ഇവിടുത്തെ ആദ്യ വിവാഹമാണ് ഇവരുടേത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽവച്ച് ആദ്യമായി വിവാഹിതരാകാൻ സാധിച്ചതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു.
ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ ടൂറിസം വികസന കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് മേൽനോട്ടം വഹിക്കുന്നത്. 75,000 രൂപയും നികുതിയുമാണ് ഇവിടെ വിവാഹം നടത്താനുള്ള നിരക്ക്. 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്.