കോട്ടയം: പ്രതിപക്ഷ നിരയിലെ കരുത്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിടാന്‍ സിപിഎം ഇത്തവണ ആരെ രംഗത്തിറക്കും. ഇതു സംബന്ധിച്ച് സിപിഎമ്മില്‍ തിരക്കിട്ട ചര്‍ച്ചയാണ് നടക്കുന്നത്.
ഏറ്റുമാനൂരില്‍നിന്ന് സുരേഷ് കുറുപ്പിനെ കോട്ടയത്ത് എത്തിച്ച് മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണെങ്കിലും കുറുപ്പ് ഇതിനോട് മനസ് തുറന്നിട്ടില്ല.
ഒരു തവണ പരാജയപ്പെട്ടെങ്കിലും മുന്‍ എം എല്‍എ കൂടിയായ വി.എന്‍.വാസവനെ ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം ഇതിനോടു യോജിക്കുന്നില്ല. ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് വാസവന്റെ പേരിനു മുന്‍തൂക്കം ലഭിച്ചിരിക്കുന്നതും.
മീനച്ചിലാര്‍ നദീ പുനര്‍ സംയോജന പദ്ധതിയിലൂടെ ശ്രദ്ധേയനായ സിപിഎം ജില്ലാ കമ്മറ്റിയംഗം കെ.അനില്‍കുമാറാണ് ലിസ്റ്റിലുള്ള മറ്റൊരാള്‍. മണ്ഡലത്തിലുള്ള സ്വാധീനവും ജനകീയ ഇടപെടലും വോട്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്.
സിഐടിയു ജില്ലാ പ്രസിഡന്റ് ടി.ആര്. രഘുനാഥന്റെ പേരും ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ട്. സിപിഎമ്മിന്റെ കോട്ടയം മണ്ഡലം സെക്രട്ടറി കൂടിയായ രഘുനാഥനു മണ്ഡലത്തില്‍ നല്ല ബന്ധങ്ങളാണുള്ളത്.
ഇതിനിടയില്‍ കാഞ്ഞിരപ്പള്ളി സീറ്റിനു പകരം കോട്ടയം സിപിഐയ്ക്കു നല്കാന് സിപിഎമ്മിനു ആലോചനയുണ്ടെങ്കിലും സിപിഐ ഇതിനോടു മനസ് തുറന്നിട്ടില്ല.
സിപിഐയ്ക്കു ലഭിക്കുകയാണെങ്കില്‍ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥി കോട്ടയം സ്വദേശി വി.ബി.ബിനു തിരുവഞ്ചൂരിനെതിരെ മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിനു സീറ്റു നല്കി മറ്റൊരു സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവും ചര്‍ച്ചയിലുണ്ട്.
പൊതുവേ കോട്ടയം ജില്ല യുഡിഎഫിന്റെ ശക്തികേന്ദ്രമെന്നു വിശേഷിക്കപ്പെടുമ്പോഴും കോട്ടയം നഗരം ഉള്‍പ്പെടുന്ന അസംബ്ളി മണ്ഡലത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി വിജയിച്ച ചരിത്രമാണ്. കോണ്‍ഗ്രസില്‍നിന്ന് എം.പി.
ഗോവിന്ദന്‍നായര്‍, എന്‍. ശ്രീനിവാസന്, സിപിഎമ്മില്‍നിന്ന് എം.കെ. ജോര്‍ജ്, എം. തോമസ്, കെ.എം. എബ്രഹാം തുടങ്ങിവരും സിപിഐയിലെ പി.പി. ജോര്‍ജും ആദ്യകാലങ്ങളില്‍ കോട്ടയത്ത് കൊടിപാറിച്ചവരാണ്. 2008ല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയത്തോടെ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലായി.
നിലവില്‍ കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ഉള്‍പ്പെട്ട കോട്ടയം അസംബ്ളി മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നേടിയതിനു പിന്നാലെയാണ് മൂന്നാമൂഴം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മത്സരത്തിനിറങ്ങുന്നത്.
സിപിഎമ്മിലെ ടി.കെ. രാമകൃഷ്ണന്റെ തുടര്‍ച്ചയായ വിജയത്തിനുശേഷം 2001ല്‍ കോണ്‍ഗ്രസിലെ മേഴ്സി രവി സിപിഎമ്മിലെ വൈക്കം വിശ്വനെ തോല്‍പ്പിച്ച് സീറ്റ് പിടിച്ചു. അടുത്ത ഊഴത്തില്‍ സിപിഎമ്മിലെ വി.എന്‍. വാസവന് കോണ്‍ഗ്രസിലെ അജയ് തറയിലിനെ തോല്‍പ്പിച്ചു.
പിന്നീടു വന്ന തെരഞ്ഞെടുപ്പുകളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വി.എന്‍. വാസവനെയും റെജി സഖറിയയെയും പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരിന് 33,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.