വരന്തരപ്പിള്ളി : ആദിവാസികൾക്ക് സർക്കാർ ഭൂമി നൽകാത്തത് കോടതിയലക്ഷ്യമാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കള്ളിചിത്ര ആദിവാസി കോളനി നിവാസികൾ പാലപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് മുൻപിൽ നടത്തുന്ന കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയതായായിരുന്നു തിരുവഞ്ചൂർ. ആറ് മാസത്തിനകം ആദിവാസികൾക്ക് ഭൂമി നൽകാനുള്ള ഹൈക്കോടതി വിധി നടപ്പിലാക്കാത്ത സർക്കാർ നടപടി ആദിവാസികൾക്ക് നേരെയുള്ള വാഗ്ദാന ലംഘനമാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു.
ആദിവാസികൾക്ക് ഭൂമി നൽകുന്നത് സൗജന്യമല്ല, വനാവകാശ നിയമമനുസരിച്ച് ഭൂമി ലഭിക്കാൻ അവകാശമുള്ളവരാണ് ആദിവാസികളെന്നും തിരുവഞ്ചൂർ പറഞ്ഞു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാതെ ഭൂമിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് സമരം ചെയ്യേണ്ട ദുസ്ഥിതിയിലേക്ക് ആദിവാസി സമൂഹത്തെ സർക്കാർ എത്തിച്ചുവെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ആദിവാസികൾക്ക് ഭൂമി നൽകാത്ത വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറപ്പു നൽകി.
മുൻ എംഎൽഎ പി.എ. മാധവൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലൂർ ബാബു, ടി.ജെ. സനീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം ഇ.എ.ഓമന, ഡേവീസ് അക്കര, പി.ഗോപാലകൃഷ്ണൻ, സുനിൽ ലാലൂർ എന്നിവരും സമരപന്തലിലെത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുൻപിൽ നടക്കുന്ന അനിശ്ചിതകാല കുടിൽ കെട്ടി സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരസമിതി കോർഡിനേറ്റർ എം.എം.പുഷ്പൻ, കണ്‍വീനർ എം.എൻ. പ്രേംജി, സജീവൻ കള്ളിച്ചിത്ര, എം.വി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.