കോട്ടയം: കെ.എം. മാണിയും ജോസ് കെ. മാണിയും കോണ്‍ഗ്രസിനോട് ചെയ്തത് ചതിയൻ ചന്തു പോലും ചെയ്യാത്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജീവിതത്തിൽ ഇതുവരെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്ന ഒട്ടെറെ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകർ കോട്ടയം ജില്ലയിലുണ്ട്.
കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തിൽ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടുപോയാൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക് സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കും. കോണ്‍ഗ്രസ് പ്രവർത്തകർക്ക് സ്വാതന്ത്ര്യമാണ് ഇതോടെ ലഭിച്ചത്.
ആത്മാഭിമാനം വീണ്ടെടുക്കാൻ ഇതോടെ സാധിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമെന്ന് ജോസ് കെ. മാണി തന്റെ കൈപിടിച്ച് പറഞ്ഞതാണ്. കൊലച്ചതിയാണു ചെയ്തത്.
ഒരു കുഴപ്പവുമില്ല. ഇ.ജെ. ആഗസ്തി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് കേരള കോണ്‍ഗ്രസ് കൊടുത്ത മുന്നറിയിപ്പാണ്. കോണ്‍ഗ്രസിനു ജില്ലയിൽ 1964നുശേഷം മുന്നേറ്റത്തിനു ലഭിക്കുന്ന അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.