പത്തനംതിട്ട: മലയാള സിനിമയെ മാഫിയാ വിമുക്തമാക്കണമെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയാള സിനിമാലോകത്ത് ഇന്നുണ്ടായിരിക്കുന്ന മൂല്യച്യുതി ഏതൊരു മലയാളിക്കും ദുഃഖമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകോത്തരമായി വളർന്ന മലയാള സിനിമയ്ക്കു സമാന്തരമായി മാഫിയാ സംഘവുമുണ്ട്.
ഇത് അവസാനിപ്പിക്കാൻ നീതിയുക്തമായ അന്വേഷണം വേണം. സിനിമയുടെ അധോലോക ബന്ധങ്ങൾ അവസാനിപ്പിക്കുകയും കണക്കില്ലാതെ പണം കുമിഞ്ഞുകൂടുന്നുവെങ്കിൽ അതന്വേഷിക്കുകയും വേണം. എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും പൊതുസമൂഹത്തോടു മാപ്പുപറയുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. വ്യക്തിതാത്പര്യങ്ങൾക്കുവേണ്ടി സംഘടനയെ കെട്ടിയിടുന്ന സമീപനം ശരിയല്ല.
സിനിമാ മേഖലയുമായി ബന്ധപ്പെട്ടു കുറ്റകൃത്യങ്ങൾ പെരുകുന്നതായി നേരത്തെയും അഭിപ്രായങ്ങളുണ്ട്. താൻ മന്ത്രിയായിരുന്ന കാലയളവിൽ ഇതിനെതിരെ എന്തു നടപടിയെടുത്തുവെന്നതു ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.