കോട്ടയം: കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കൈകളിലേക്കോ ?.
പുനഃസംഘടന പൂർത്തിയായതോടെ ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറിയിരിക്കുന്ന കാഴ്ചയാണ്.
ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനിക്കീ പുറത്തു വന്നത്.ഉമ്മൻ ചാണ്ടി നേതൃത്വം നല്‍കിയിരുന്ന എഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി നില കൊണ്ടിരുന്നയാളായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് ഉയർന്നുവന്നതോടെയാണ് എഗ്രൂപ്പും തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള അസ്വാരസ്യങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിൽ എഗ്രൂപ്പിനും ഉമ്മൻ ചാണ്ടിക്കുമൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലകൊണ്ടില്ല.
തുടർന്നാണ് കെ. സുധാകരൻ, വി.ഡി. സതീശൻ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും നീങ്ങിതുടങ്ങിയത്. പുനസംഘടന കൂടി പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇപ്പോൾ തിരുവഞ്ചൂർ ഗ്രൂപ്പിനാണ് മുൻഗണന. ഇതോടെ എ ഗ്രൂപ്പ് ജില്ലയിൽ തൂത്തെറിയപ്പെട്ടു.
ഡിസിസി അധ്യക്ഷൻ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിൽനിന്നു പൂർണമായി അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് ആഭിമുഖ്യം പുലർത്തുന്നവർക്കാണു ജില്ലയിൽനിന്നു പുന സംഘടനയിൽ പരിഗണന ലഭിക്കുന്നത്.
ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നടത്തിയ അതേ നീക്കങ്ങൾ സംസ്ഥാന നേതൃത്വം പുനസംഘടനയിലും നടത്തിയതാണു പഴയ എ ഗ്രൂപ്പിനു തിരിച്ചടിയായിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തനാണ്. ആന്റോ ആന്റണി, പി.ടി. തോമസ് എന്നിവരുടെ പിന്തുണയോടെയാണ് നാട്ടകം സുരേഷ് പ്രസിഡന്റായത്.
ഇത്തവണ സ്ഥാനം നേടിയ നാലു പേരിൽ മൂന്നു പേരും തിരുവഞ്ചൂരുമായി അടുത്തബന്ധം പുലർത്തുന്നവരാണ്. ജനറൽ സെക്രട്ടറിയായ പി.എ. സലിം എ ഗ്രൂപ്പുകാരനെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്നു.
ജോസി സെബാസ്റ്റ്യൻ പഴയ ഐ ഗ്രൂപ്പ് കാരനും പത്മജ വേണുഗോപാലിന്റെ ജില്ലയിലെ നേതാവുകൂടിയാണ്. കെ.സി. വേണുഗോപാലിന്റെ ഇടപെടലും ജോസിക്കു തുണയായി.
ടോമി കല്ലാനി എ ഗ്രൂപ്പ് നേതാവാണെങ്കിലും എ.കെ. ആന്റണിയുടെ വിശ്വസ്തനാണ്. ഐ ഗ്രൂപ്പിന്റെ നേതാവായി കോട്ടയത്ത് പ്രവേശിച്ച ഡോ. പി.ആർ. സോന കഴിഞ്ഞ തവണ വൈക്കത്തുനിന്നും ജനവിധി തേടിയിരുന്നു.
കോട്ടയം നഗരസഭ മുൻചെയർപേഴ്സണും നിലവിലെ അംഗവുമാണ്. ഐ ഗ്രൂപ്പുകാരിയെങ്കിലും സോന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്.
അതേസമയം മുതിർന്ന നേതാക്കളിൽ പലരെയും അവഗണിച്ചതിൽ ഒരു വിഭാഗത്തിനിടയിൽ അതൃപ്തി പുകയുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിലേക്കു പരിഗണിക്കപ്പെട്ടിരുന്ന ഫിലിപ്പ് ജോസഫ്, ഫിൽസണ്‍ മാത്യൂസ് ഉൾപ്പടെയുള്ളവർ ഒഴിവാക്കപ്പെട്ടു.
ചാണ്ടി ഉമ്മൻ നേതൃനിരയിലേക്കു വരുമെന്നു പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടു. ചാണ്ടി ഉമ്മൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയാകുമെന്ന് സൂചനയുണ്ട്. ഇനി അവശേഷിക്കുന്നത് ജില്ലയിലെ ഡിസിസി പുനസംഘടനയാണ്.
അടുത്തമാസം ആദ്യത്തോടെ പുനസംഘടനയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇടഞ്ഞു നിൽക്കുന്നവരെ ഉൾപ്പെടുത്തിയാകും ഡിസിസി പുനസംഘടനയെന്നും പറയപ്പെടുന്നു.