ജനങ്ങളോടുള്ള തങ്ങളുടെ സ്നേഹവും കരുതലും ഇടയ്ക്കിടെ അവരെ ഓര്‍മിപ്പിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍, ജനസൗഹൃദമായ എന്തെങ്കിലും പേരില്‍ കേരളത്തില്‍ അങ്ങോളമിേേങ്ങാളം യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്, മിക്ക പാര്‍ട്ടികളും അവരുടെ നേതാക്കന്മാരും.
പലപ്പോഴും ഇത്തരം യാത്രകള്‍ ട്രോളന്മാര്ക്ക് ട്രോളിട്ട് കളിക്കാനുള്ള എന്തെങ്കിലും സമ്മാനിച്ചാവും അവസാനിക്കുക. സമാനമായ രീതിയില്‍ വിശ്വാസ സംരക്ഷണം എന്ന പേരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നടത്തിയ പദയാത്രയില്‍ സംഭവിച്ച മറ്റൊരബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
വിശ്വാസ സംരക്ഷണ പദയാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പിണങ്ങേണ്ടി വന്നു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജാഥ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ എണ്ണം കുറവായതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ പുല്ലാട്ട് നിന്നാണ് തിരുവഞ്ചൂരിന്റെ യാത്ര തുടങ്ങിയത്. ഉച്ചഭക്ഷണം ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണു ക്രമീകരിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പദയാത്ര സ്റ്റേഡിയത്തിലെത്തുമ്പോള്‍ 35 പ്രവര്‍ത്തകര്‍ മാത്രമേ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുള്ളൂ. സ്റ്റേഡിയത്തിലും വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രം.
എന്നാല്‍, 1100 പേര്‍ക്ക് ഭക്ഷണം തയാറാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് അഞ്ചു മണി വരെ ഉപവസിക്കാന്‍ തീരുമാനിച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും എത്തി, അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇത്ര ഗൗരവമേറിയ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു തിരുവഞ്ചൂര്‍ ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തു.