കായംകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിലൂടെ വിജയിക്കാമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് മുൻ ആഭ്യന്തര മന്ത്രിയും എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽഡിഎഫ് നഗരസഭാ കൗണ്‍സിലർ ഇരട്ടവോട്ട് ചെയ്ത സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ കൂട്ടായ്മയുടെ ഒന്നാംഘട്ട സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്ത് ലക്ഷം വോട്ടർമാരെ ആസൂത്രിതമായി പാർട്ടിയുടെ സർവീസ് സംഘടനകളെ ഉപയോഗിച്ച് നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നഗരസഭ കൗണ്‍സിലറും സിപിഐ നേതാവുമായ ജലീൽ. എസ്. പെരന്പളത്ത് ഇരട്ട വോട്ട് ചെയ്ത നടപടിയിൽ ജില്ലയിലെ മാർക്സിസ്റ്റ് മന്ത്രിമാരുടെ നിർദേശ പ്രകാരം അനുകൂല റിപ്പോർട്ട് നൽകിയ ജില്ലാ കളക്ടർ കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ചെന്നും തെരഞ്ഞടുപ്പ് കമ്മീഷനു കൊടുത്ത പരാതിയിൽ അന്വേഷണം നടക്കുന്പോൾ ഇതെല്ലാം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ, സി ആർ ജയപ്രകാശ്, ജോണ്സണ് എബ്രഹാം, പി.എസ് ബാബുരാജ്, ഇ.സമീർ, യു.മുഹമ്മദ്, എൻ.രവി, ശ്രീജിത്ത് പത്തിയൂർ, എസ്.രാജേന്ദ്രൻ, ജോസഫ് ജോണ്‍, എച്ച്.ബഷീർ കുട്ടി, എ.നിസാർ, ബി.ഷാജി, അൻസാരി കോയിക്കലേത്ത്, ബിജു നസറുള്ള എന്നിവർ സംസാരിച്ചു.