കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ് മോർട്ടം നടപടികൾ ശരിയായ രീതിയിലല്ല നടത്തിയതെന്ന തിരുവഞ്ചൂർ രാധാകൃഷ് ണൻ എംഎൽഎയുടെ പരാതി ഗൗരവമേറിയതാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തേണ്ട പോസ്റ്റ്മോർട്ടം കോട്ടയത്തേക്ക് കൊണ്ടുവന്നത് ആരു പറഞ്ഞിട്ടാണെന്ന ചോദ്യം ഉയരുന്നു. ഇങ്ങനെയൊരു ആവശ്യം ബന്ധുക്കൾ ഉന്നയിച്ചോ? ഉന്നയിച്ചെങ്കിൽ ആരെങ്കിലും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുന്നു.
കൊല്ലം തെൻമല ചാലിയേക്കര പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം പോലീസ് സർജന്റെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചൂണ്ടിക്കാട്ടി. എന്നാൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് കോട്ടയത്തെ പോലീസ് സർജന്റെ കീഴിലാണു പോസ്റ്റ്മോർട്ടം നടത്തിയത്.
സർക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കണ്ടെത്തുന്ന മൃതദേഹം തിരുവനന്തപുരം പോലീസ് സർജനും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോസ്റ്റ്മോർട്ടത്തിനു കോട്ടയം സർജനും മേൽനോട്ടം വഹിക്കണമെന്നാണു ചട്ടമെന്നു മുൻആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കെവിന്റെ പോസ്റ്റ്മോർട്ടത്തിൽ കോട്ടയം ജില്ലാ മുൻ പോലീസ് ചീഫിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ആർഡിഒയുടെ മേൽനോട്ടം ആവശ്യപ്പെട്ട് കത്ത് നൽകുകയോ അദ്ദേഹത്തെ അറിയിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിക്കേണ്ടതായിരുന്നു.
പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് പരിസരത്ത് തഹസീൽദാർ ഉണ്ടായിരുന്നെങ്കിലും മറ്റ് ആവശ്യത്തിനാണ് അദ്ദേഹം എത്തിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോസ്റ്റ്മോർട്ടം ചെയ്തത് സീനിയർ ഡോക്ടർമാരുടെ അസാന്നിധ്യത്തിലാണ്.
ഡിപ്പാർട്ട്മെന്റ് മേധാവി കൂടിയായ രഞ്ജിത്ത് രവീന്ദ്രൻ സ്ഥലത്തെത്തിയെങ്കിലും അന്നു വ്യക്തിപരമായ കാരണങ്ങളാൽ അവധിയെടുത്തു. പോസ്റ്റ്മോർട്ടം നടത്തിയത് അസിസ്റ്റന്റ് പ്രഫസർ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചെയ്തത് ജൂണിയറായ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർഥിയെക്കൊണ്ടാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.