കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് എൽഡിഎഫ് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നുവെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
വികസനകാര്യത്തിൽ പ്രതിപക്ഷ എംഎല്‍എയായ തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്നിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നവരെ തനിക്ക് അറിയാമെന്നും അവരുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും രാഷ് ട്രീയമായി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തി. കഴിഞ്ഞ തവണ തിരുവഞ്ചൂരിനെ നേരിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ കെ. അനില്‍കുമാറാണ് തിരുവഞ്ചൂരിനു മറുപടിയുമായി എത്തിയത്. ആരോപണവും മറുപടിയും എത്തിയതോടെ കോട്ടയം വികസനം സംസ്ഥാന തലത്തില്‍ ചര്ച്ചയായിരിക്കുകായണ്.
“പദ്ധതികള്‍ക്ക് സ്റ്റോപ്പ് മെമ്മോ’
800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും പല പദ്ധതികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണെന്നുമുള്ള ഗുരുതര ആരോപണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രതിപക്ഷത്തുളള എംഎല്‍മാരുടെ മണ്ഡലങ്ങളോടു ചതിയും വഞ്ചനയുമാണു സര്‍ക്കാര്‍ കാണിക്കുന്നത്. ഭരണപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ മാത്രം വികസനം മതിയെന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ഏഴു വര്‍ഷം മുമ്പു തുടങ്ങിവച്ച കോട്ടയം മണഡലത്തിലെ പദ്ധതികള്‍ പോലും നിര്‍ത്തിവച്ചു. ഏതാണ്ട് 700 കോടി രൂപയുടെ പദ്ധതികള്‍ എവിടെയും എത്താതെയിരിക്കുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ബജറ്റിലും പ്രഖ്യാപിച്ച പദ്ധതികള്‍ പോലും ആരംഭിക്കാനോ തുടര്‍പ്രവര്‍ത്തനം നടത്താനോ സാധിച്ചിട്ടില്ല. കഞ്ഞിക്കുഴി മേല്‍പ്പാലം, ആകാശപ്പാത, കോടിമത ഇരട്ടപാലം, ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലക്സ്, നാഗമ്പടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഈരയില്‍ക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ ദീർഘിപ്പിക്കുന്നതിനും പദ്ധതിയിട്ടതാണ്. വയലിലൂടെ പാത പണിതാല്‍ മതി. പക്ഷേ തുടര്‍ പ്രവര്‍ത്തനം ഒന്നും നടന്നില്ല.
കച്ചേരിക്കടവ് ടൂറിസം, വെള്ളൂത്തുരുത്തിപ്പാലം, കെഎസ്ആര്‍ടിസി മന്ദിരസമുച്ചയം, തച്ചന്‍കുന്ന് കുടിവെള്ള പദ്ധതി, ബുക്കാന-മറിയപ്പള്ളി കുടിവെള്ളപദ്ധതി തുടങ്ങിയവയ്ക്കെല്ലാം തുരങ്കം വച്ചിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തുന്നു.
സര്‍ക്കാരിന് ഒരു രൂപ മുടക്കില്ലാതെ 44 സെന്റ് ഭൂമിയാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുത്തു കൊടുത്തത്. സുമനസാലെ ജനങ്ങള്‍ ഭൂമി വിട്ടുതന്നു.
ഇത്രയും മൂല്യമുള്ള ഭൂമി കൊടുത്തിട്ടും അതിന് തത്തുല്യമായ വികസനസൗകര്യങ്ങള്‍ കോട്ടയത്തിനു സര്‍ക്കാര്‍ മടക്കിത്തന്നില്ല. കോട്ടയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നടപടികള്‍ക്കെതിരേ കക്ഷി-രാഷ് ട്രീയം മറന്ന് എല്ലാവരും ഒരുമിക്കണമെന്നും ജനകീയമായ കൂട്ടായ്മയും പ്രതിഷേധവും ഉയരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
“ആകാശപ്പാതയുടെ ജന്മവൈകല്യത്തിന് ഉത്തരവാദി എംഎല്‍എ’
വികസനരംഗത്തെ പരാജയം മറച്ചുവയ്ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ. അനില്‍കുമാര്‍.
കേരളത്തിലെമ്പാടും സംസ്ഥാന സര്‍ക്കാരും കിഫ്ബിയും ചേര്‍ന്ന് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വയല്‍കിളികള്‍ക്കു വേണ്ടി നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചയാളാണ് ഇപ്പോള്‍ വയല്‍ നികത്തി എംസി റോഡിനു സമാന്തരമായി ചിങ്ങവനത്തേക്കു പാതയുണ്ടാക്കണമെന്നു വാദിക്കുന്നതെന്നും അനില്‍കുമാര്‍ കുറ്റപ്പെടുത്തി.
800 കോടി രൂപയുടെ വികസന പദ്ധതികള്‍ മുടങ്ങികിടക്കുന്നുവെന്ന് വാദിക്കുന്ന എംഎല്‍എ യുഡിഎഫ് ഭരണകാലത്ത് അതിന്റെ പത്തിലൊന്ന് തുക പോലും അനുവദിച്ചിട്ടില്ലെന്ന് ഓര്‍ക്കണം.
കോട്ടയം മണ്ഡലത്തില്‍ കിഫ്ബി വഴി നടന്നുവരുന്ന 55 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ദേശീയ പാത അഥോറിട്ടി തടസപ്പെടുത്തിയിട്ടും എംഎല്‍എ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ 1000 കോടിയുടെ വികസന പദ്ധതികള്‍ നടന്നു. ജില്ലാ ആശുപത്രിയില്‍ മാത്രം 200 കോടി രൂപ ചെലവഴിച്ചു.
ആകാശപാതയുടെ ജന്മവൈകല്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കാതെ പ്ലാന്‍ തയാറാക്കിയതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നും കെ. അനില്‍കുമാര്‍ പറഞ്ഞു.