കോട്ടയം: നവകേരള സദസുമായി ജില്ലകള്‍ കയറിയിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലയിലെത്തുമ്പോള്‍ ശബരിമല സന്ദര്‍ശിക്കാന്‍ തയാറാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ജനങ്ങളുടെ പ്രതിസന്ധി കാണാനും പരിഹരിക്കാനുമാണ് ജില്ലകള്‍ തോറും എല്ലാം മന്ത്രിമാരും സന്ദര്‍ശിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ശബരിമലയില്‍ തീര്‍ഥാടകര്‍ നേരിടുന്ന യാതന കാണാന്‍ തയാറാകാത്തതെന്താണന്നും തിരുവഞ്ചൂര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.
പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യമേര്പ്പെടുത്താത്തതിനാല് വലയുന്നത്. ഇത് ശ്രദ്ധയില്പ്പെട്ടതിനെത്തുടുര്ന്നാണ് താന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘം ശബരിമല സന്ദര്‍ശിച്ചത്. തിരുവഞ്ചൂർ പറഞ്ഞു.
അവിടെ കണ്ട കാഴ്ചകള്‍ വളരെ ദുരിതപൂര്‍ണമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒമ്പത് വകുപ്പുകളുടെ ഏകോപനമാണ് ശബരിമലയില്‍ വേണ്ടത്.
മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ഈ വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാരുടെ സബ് കമ്മിറ്റി ഉണ്ടാക്കിയാണ് ശബരിമലയില്‍ തീര്‍ഥാടനം സുഗമമാക്കിയിരുന്നത്.
ബസില്‍ മന്ത്രിമാരെയും കൊണ്ട് കറങ്ങുന്ന മുഖ്യമന്ത്രി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ബസില്‍നിന്നും ഇറക്കിവിട്ട് ശബരിമലയിലെ തീര്‍ഥാടകരുടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.